തേവര: കൊച്ചിയില്‍ നിർമാണത്തിലിരിക്കുന്ന വിമാനവാഹിനിക്കപ്പലായ വിക്രാന്തില്‍നിന്ന് മോഷണം പോയ മൈക്രോപ്രോസസറുകൾ എൻ ഐ എ കണ്ടെടുത്തു. മൂവാറ്റുപുഴയിൽ നിന്നാണ് ഇവ കണ്ടെത്തിയത്. പിടിയിലായ ബിഹാര്‍ സ്വദേശി സുമിത് കുമാര്‍ സിംഗ്, രാജസ്ഥാൻ സ്വദേശി ദയാ റാം എന്നിവർ ഓൺലൈൻ വഴിയാണ് ഇത് മൂവാറ്റുപുഴ സ്വദേശിക്ക് വിൽപ്പന നടത്തിയത്. പത്തു മൈക്രോപ്രോസസറുകളാണ് കപ്പലിൽ നിന്നും മോഷണം പോയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മൈക്രോപ്രോസസറുകൾ കണ്ടെത്താൻ കഴിഞ്ഞത്.
മോഷണം പോയതിൽ രണ്ട് ഹാര്‍ഡ് ഡിസ്കുകൾ ഉള്‍പ്പെടെ ചില ഉപകരണങ്ങള്‍ എൻഐഎ ബീഹാർ, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നും കണ്ടെത്തിയിരുന്നു. ആകെ 20 ഉപകരണങ്ങളാണ് സംഘം മോഷ്ടിച്ചത്. ഒരു വർഷം മുൻപാണ് വിക്രാന്തിൽ നിന്നും ഹാർഡ് ഡിസ്കുകൾ കാണാതായത്. ഇത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലിക്ക് വരുന്ന എല്ലാവരുടേയും വിരലടയാളം ഇവിടെ ശേഖരിച്ചു വയ്ക്കുന്ന പതിവുണ്ട്. ഇങ്ങനെ 5000-ത്തോളം ആളുകളുടെ വിരലടയാളം ശേഖരിച്ചു നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് രാജസ്ഥാൻ, ബിഹാർ സ്വദേശികളായ രണ്ട് പേരിലേക്ക് എൻഐഎ എത്തിയത്. കപ്പലിലെ പെയിന്റിംഗ് തൊഴിലാളികളായ ഇവർ തൊഴിൽ നഷ്ടമായി മടങ്ങുമ്പോൾ സാധനങ്ങൾ മോഷ്ടിച്ച് സ്ഥലം വിടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam