കൊയിലാണ്ടിയിൽ കിടപ്പുരോഗിയേയും കുടുംബത്തേയും ആക്രമിച്ച കേസ്: പൊലീസ് നടപടി എടുക്കുന്നില്ലെന്ന് പരാതി

By Web TeamFirst Published Feb 10, 2021, 12:34 AM IST
Highlights

കൊയിലാണ്ടിയിൽ കിടപ്പുരോഗിയേയും കുടുംബത്തേയും അയൽവാസി ആക്രമിച്ച കേസിൽ പൊലീസ് നടപടി എടുക്കുന്നില്ലെന്ന് പരാതി. 

കോഴിക്കോട്: കൊയിലാണ്ടിയിൽ കിടപ്പുരോഗിയേയും കുടുംബത്തേയും അയൽവാസി ആക്രമിച്ച കേസിൽ പൊലീസ് നടപടി എടുക്കുന്നില്ലെന്ന് പരാതി. കിഴക്കേപറയച്ചാലിൽ മുസ്തഫയ്ക്കും കുടുംബത്തിനും നേരെയാണ് രണ്ടാഴ്ച മുമ്പ് അയൽവാസിയിൽ നിന്ന് അക്രമണമുണ്ടായത്. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നാണ് മുസ്തഫയുടെ ആരോപണം.

നട്ടെല്ലിന് പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന മുസ്തഫക്ക് നാട്ടുകാരും സന്നദ്ധ സംഘടനകളും നൽകുന്ന സാമ്പത്തിക സഹായമാണ് ചികിത്സക്കും നിത്യ ചെലവിനുമുള്ള ആശ്രയം. ജനുവരി 26ന് മലപ്പുറത്തെ ഒരു വാട്സ്ആപ് കൂട്ടായ്മയിലെ അംഗം സഹായം നൽകുന്നതിനായി മുസ്തഫയുടെ വീട്ടിൽ എത്തിയപ്പോൾ അയൽവാസികളായ ഇസ്മായിലും കുടുംബവും സഹായിക്കാൻ വന്ന വ്യക്തിയോട് കയർത്തു. 

ഇത് ചോദ്യം ചെയ്ത മുസ്തഫയേയും പിതാവിനേയും ഇസ്മായിലും കുടുംബവും മരക്കഷ്ണവും പ്രഷർ കുക്കറും ഉപയോഗിച്ച് മർദ്ദിച്ചുവെന്നാണ് പരാതി. മുസ്തഫക്കും പിതാവിനും തലയ്ക്കും മുസ്തഫയുടെ മകന് കഴുത്തിനുമാണ് പരിക്കേറ്റത്. ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നാണ് മുസ്തഫയുടെ പരാതി

മുസ്തഫയും ഇസ്മായിലും തമ്മിൽ ഏറെക്കാലമായി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. മുസ്തഫയുടെ പരാതിയിൽ ഇസ്മയിലിനും മകനുമെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്നും കൊയിലാണ്ടി പൊലീസ് പറഞ്ഞു.

click me!