യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഗുണ്ടാ നേതാവിനെയും സഹായിയെയും എത്തിച്ച് തെളിവെടുപ്പ് നടത്തി

By Web TeamFirst Published Apr 20, 2022, 9:01 PM IST
Highlights
കോയ റോഡ് ബീച്ചിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവാവിനെ ബൈക്കിലെത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മുഖ്യപ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി.

കോഴിക്കോട്: കോയ റോഡ് ബീച്ചിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവാവിനെ ബൈക്കിലെത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച (Attempted murder) സംഘത്തിലെ മുഖ്യപ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മാത്തോട്ടം സ്വദേശി റസ്സൽബാബു എന്ന അമ്പാടിബാബു അരക്കിണർ സ്വദേശി ഹാരിസ് എന്നിവരെയാണ് വെള്ളയിൽ പൊലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസും എസിപി.  ടി  ജയകുമാറിന്റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ചേർന്ന് തെളിവെടുപ്പ് നടത്തിയത്.

കഴിഞ്ഞ ഫെബ്രുവരി 27ന് പുലർച്ചെ കോയ റോഡ് പള്ളിക്ക് സമീപം സൃഹുത്തുമൊത്ത് സംസാരിച്ചു നിൽക്കുമ്പോൾ ബൈക്കിലെത്തിയ ഗുണ്ടാസംഘം മാരകായുധങ്ങളുമായി യുവാവിനെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു.  ജില്ലയിലെ സ്വർണ്ണക്കടത്ത്, ഒറ്റ നമ്പർ ലോട്ടറി എന്നിവയ്ക്ക് പിന്നിലുള്ള  ഗുണ്ടാ നേതാവ് റസൽബാബു തൻ്റെ സംഘത്തിലുള്ളവർക്ക് ലഹരി വസ്തുക്കൾ നൽകിയാണ് ഇത്തരം കുറ്റകൃത്യത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. 

സ്വർണ്ണ കള്ളക്കടത്ത്  സംഘങ്ങൾ തമ്മിലുള്ള കുടി പകയാണ് ഈ ആക്രമണത്തിന് പിന്നിലെന്നും പോലീസ് കരുതുന്നു. 2003-ലെ പ്രമാദമായ നടക്കാവ് ജയശ്രീ ബാങ്ക് കവർച്ച ഉൾപ്പെടെ പതിനാലോളം മോഷണ, മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് അമ്പാടി ബാബു. ഇതുവരെ കേസിൽ നാലുപേർ അറസ്റ്റിലായി. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽ ഒളിവിൽ കഴിയുന്ന ബാക്കിയുള്ളവരെകുറിച്ചും ആക്രമണം ആസൂത്രണം ചെയ്തയാളെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. 

അവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്തെത്തിച്ചും, പ്രതികൾ ഗൂഢാലോചന നടത്തിയ സ്ഥലങ്ങളിലും മറ്റും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തു. കൃത്യം നടത്തിയതിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതികൾ അവിടെനിന്ന് മുബൈയിലേക്ക് കടക്കുകയായിരുന്നു. 

പൊലീസ് പിൻതുടർന്ന് പിടികൂടുമെന്ന് ഉറപ്പായപ്പോൾ കീഴടങ്ങുകയായിരുന്നു. മുമ്പ് അറസ്റ്റിലായ റംഷിഹാദിനെ മറ്റൊരു കവർച്ചാ കേസിലേക്ക് തൃശൂർ പൊലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഗുണ്ടാപ്രവർത്തനങ്ങളെ കർശനമായി നേരിടുന്നതിനായി പോലീസ് നടപടി സ്വീകരിച്ചു വരികയാണ്.

ഡൻസാഫ് സബ്ബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, കെ. അഖിലേഷ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ജിനേഷ് ചൂലൂർ, അർജ്ജുൻ അജിത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, വെള്ളയിൽ പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐ. റസൽരാജ്, എസ്സിപിഒ റെനീഷ് മഠത്തിൽ സിപിഒ റെജു, ദീപു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

click me!