പട്ടാപ്പകൽ എടിഎം വാഹനം ആക്രമിച്ച് ഞെട്ടിക്കുന്ന കവർച്ച; സുരക്ഷ ജീവനക്കാരനെ വെടിവെച്ച് കൊന്നു, ലക്ഷങ്ങൾ കവർന്നു

By Web TeamFirst Published Jan 10, 2023, 9:52 PM IST
Highlights

ഫ്‌ളൈ ഓവറിന് സമീപമുള്ള ഐ സി ഐ സി ഐ എ ടി എമ്മിൽ പണം നിക്ഷേപിക്കുന്നതിനായി വാൻ എത്തിയപ്പോളാണ് ആക്രമണം നടന്നത്

ദില്ലി: രാജ്യ തലസ്ഥാനത്ത് എ ടി എം വാഹനം ആക്രമിച്ച് വൻ കവർച്ച. എ ടി എമ്മിലേക്കുള്ള പണവുമായി പോയ വാഹനത്തിന്‍റെ സുരക്ഷ ജീവനക്കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമാണ് കവർച്ച നടന്നത്. എട്ടു ലക്ഷം രൂപ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷ ജീവനക്കാരനായ ജയ് സിങ്ങാണ് കൊലപ്പെട്ടത്. വസീറാബാദ് ഫ്ലൈ ഓവറിനു സമീപമാണ് ആക്രമണം നടന്നത്. കേസിൽ അന്വേഷണം നടക്കുകയാണെന്ന് ദില്ലി പൊലീസ് അറിയിച്ചു. സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ച് കുറ്റവാളികളെ ഉടൻ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദില്ലി പൊലീസ് കൂട്ടിച്ചേർത്തു.

സംഭവം ഇങ്ങനെ

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് എ ടി എം വാഹനം ആക്രമിക്കപ്പെട്ടത്. ദില്ലി ജഗത്പൂർ മേൽപ്പാലത്തിന് സമീപം ഐ സി ഐ സി ഐ എടിഎമ്മിലെ പണം കൊണ്ടുപോകുന്ന വാൻ ആണ് ആക്രമിച്ച് പ്രതികൾ കവർച്ച നടത്തിയത്. ആദ്യം തന്നെ അക്രമികൾ എ ടി എം വാഹനത്തിന് നേരെ വെടിവച്ചു. വെടിവപ്പിൽ സുരക്ഷാ ഗാർഡ് കൊല്ലപ്പെട്ടതോടെ കവർച്ച എളുപ്പമായി. ജഗത്പൂർ ഫ്‌ളൈ ഓവറിന് സമീപമുള്ള ഐ സി ഐ സി ഐ എ ടി എമ്മിൽ പണം നിക്ഷേപിക്കുന്നതിനായി വാൻ എത്തിയപ്പോളാണ് ആക്രമണം നടന്നത്. ഒരാൾ പിന്നിൽ നിന്ന് വന്ന് കാഷ് വാൻ കാവൽക്കാരന് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കവർച്ച നടത്തിയത്. സുരക്ഷാ ഗാർഡിനെ കൊലപ്പെടുത്തിയ ശേഷം വാനിലുള്ള പണം എടുത്ത് അക്രമികൾ രക്ഷപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് ദില്ലി പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി. ഇവിടത്തെ സി സി ടി വി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ച് കുറ്റവാളികളെ ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

മദ്യം നൽകി ബോധംകെടുത്തിയ ശേഷം ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചു; 38 കാരനായ വിമുക്തഭടന് 66 വർഷം കഠിനതടവ് ശിക്ഷ

click me!