
മിസോറി: കുമ്പസാരത്തിനിടെ യുവതിയോട് ലൈംഗികാതിക്രമം വൈദികന്‍ കുറ്റകാരനെന്ന് സഭ. മിസോറിയിലെ ഔവർ ലേഡി ഓഫ് ദി ലേക്ക് ഇടവകയിലെ വൈദികനാണ് കുമ്പസാരിപ്പിക്കുന്നതിനിടെ യുവതിയെ പീഡിപ്പിച്ചത്. ഇഗ്നാസിയോ മെഡിന എന്ന പുരോഹിതനാണ് സഭാ സമിതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. തിരുകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനും കുർബാനയിൽ പങ്കെടുക്കുന്നതിനടക്കം വൈദികനെ വിലക്കിക്കൊണ്ടുള്ള സഭാ നടപടിയേക്കുറിച്ചുള്ള പ്രസ്താവന തിങ്കളാഴ്ചയാണ് പുറത്ത് വന്നത്.
ബിഷപിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ അന്വേഷണത്തിനൊടുവിലാണ് തീരുമാനം. ബിഷപ് ഡ്ബ്ല്യു ഷോണ്‍ മക്നൈറ്റാണ് സഭാ തലത്തിലെ അന്വേഷണത്തിന് നേതൃത്വം നൽകിയത്. 2022 ഏപ്രിലിലാണ് സംഭവത്തേക്കുറിച്ച് സഭയ്ക്ക് പരാതി ലഭിക്കുന്നത്. ഇതിന് പിന്നാലെയാണ് വൈദികന്റഎ ഇടവകയിലെ ഇടപെടലുകൾ സഭാ സമിതി അന്വേഷണ വിധേയമാക്കിയത്. അന്വേഷണത്തിലെ കണ്ടെത്തലുകൾ അനുസരിച്ച് റോമിലെ സഭാ നേതൃത്വം വൈദികനെ കുറ്റക്കാരനെന്ന് നവംബർ മാസത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഭാ നടപടികൾ ആരംഭിച്ചത്. തിരു കർമ്മങ്ങൾക്കിടെയുള്ള ഇത്തരം അതിക്രമങ്ങൾ വിശ്വാസ അടിത്തറയേ തന്നെ ബാധിക്കുന്ന ഒന്നായതിനാലാണ് വൈദികനെതിരെ രൂക്ഷമായ നടപടി സ്വീകരിക്കുന്നതെന്ന് സഭാ നേതൃത്വം വിശദമാക്കുന്നത്.
പരാതിയുമായി മുന്നോട്ട് വന്ന യുവതിയെ അഭിനന്ദിച്ച സഭാ നേതൃത്വം ഇത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഇടവകയിലെ വൈദികന്റെ ഇടപെടലുകളേക്കുറിച്ച് നടന്ന ആഭ്യന്തര അന്വേഷണത്തിൽ വന്‍ തുകയുടെ തിരിമറിയും വൈദികന്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. രണ്ടരകോടി രൂപയുടെ തിരിമറിയാണ് വൈദികനെതിരെ തെളിഞ്ഞിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം