ആലുവ റൂറൽ എസ്പിയുടെ ക്യാംപ് ഓഫീസിന് സമീപമാണ് മോഷണം നടന്നത്. ഒരാഴ്ചയിക്കിടെ രണ്ടാമത്തെ മോഷണമാണ്
ആലുവ: എറണാകുളം ആലുവയിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ചുള്ള കവർച്ച തുടരുന്നു. തോട്ടക്കാട്ടുകരയിൽ വീടുള്ള പ്രവാസിയുടെ വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണ്ണമാണ് മോഷ്ടിച്ചത്. ആലുവ റൂറൽ എസ്പിയുടെ ക്യാംപ് ഓഫീസിന് സമീപമാണ് മോഷണം നടന്നത്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ മോഷണമാണ് ആലുവ നഗരത്തിൽ നടക്കുന്നത്. ഇത്തവണ ആലുവ നഗരസഭ നാലാം വാർഡിലെ ജോർജ്ജ് സേവ്യറിന്റെ വീട്ടിൽ നിന്നാണ് ഏഴ് പവൻ സ്വർണ്ണം മോഷണം പോയത്. ജോർജ്ജും കുടുംബവും ഓസ്ട്രേലിയയിലാണ്. വീട്ടിൽ ലൈറ്റിടാനായി ഒരാളെ ഏൽപിച്ചിരുന്നു. ഇയാൾ കഴിഞ്ഞ ദിവസമെത്തിയപ്പോൾ വീടിനുള്ളിലാകെ നശിപ്പിച്ചതായി കണ്ടു. തുടർന്നാണ് ഏഴ് പവനോളം സ്വർണ്ണം മോഷണം പോയെന്ന് അറിയിച്ചത് ഉടമ പൊലീസിനെ സമീപിച്ചത്.

ഡിസംബർ 24നും ഈ മാസം ആദ്യദിനങ്ങളിലുമാകാം മോഷണം നടന്നതെന്നാണ് അനുമാനം. പിന്നാലെ വിരൽ അടയാള വിദഗ്ധരും, അന്വേഷണ സംഘവും പരിശോധന നടത്തി. ആലുവ കാസിനോ ഹോട്ടലിന് സമീപത്തെ വീട്ടിലും മോഷണം നടന്നിരുന്നു. ഈ കുടുംബവും വിദേശത്താണ്. ഈ പ്രതികൾ ആരെന്നതിനെ പറ്റി ഒരു സൂചനയും ആയിട്ടില്ല. ഇതിനിടയിലാണ് വീണ്ടും മോഷണം. ഒരേ സംഘമാണോ കവർച്ച നടത്തിയത്, കവർച്ച രീതികളിലെ സാമ്യം എന്നി കാര്യങ്ങളിലാണ് പൊലീസിന്റെ അന്വേഷണം. ആലുവ റൂറൽ എസ് പി ക്യാംപ് ഹൗസിന് നൂറ് മീറ്റർ അടുത്താണ് മോഷണം നടന്ന വീട്. മോഷണം ആവർത്തിക്കാതിരിക്കാൻ നടപടികൾ കർശനമാക്കിയതായി ആലുവ റൂറൽ പൊലീസ് അറിയിച്ചു.


