
ദില്ലി: ചെന്നൈ ഐഐടിയിൽ പഠിച്ചുകൊണ്ടിരിക്കെ ആത്മഹത്യ ചെയ്ത മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഫാത്തിമ ലത്തീഫിന്‍റെ കുടുംബം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യത്തിൽ നിലപാടറിയിച്ചത്. ഉന്നതവിദ്യാഭ്യസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവർത്തനങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും അമിത് ഷാ ഫാത്തിമയുടെ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി.
നവംബര്‍ ഒമ്പതിനാണ് ഫാത്തിമ ലത്തീഫിനെ ആത്മഹത്യ ചെയ്ത നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് വിഭാഗം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദി എന്നായിരുന്നു ഫോണിലെ ആത്മഹത്യാക്കുറിപ്പില്‍ ഫാത്തിമ പറഞ്ഞിരുന്നത്.
മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി ഫാത്തിമയുടെ പിതാവ് നേരത്തെ രംഗത്തെത്തിയിരുന്നു. പഠനസംബന്ധമായി ഉണ്ടായ അസൂയയുടെയും ഇഷ്ടക്കേടിന്‍റെയും ഭാഗമായി സഹപാഠികളില്‍ ചിലര്‍ ഫാത്തിമയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായി ലത്തീഫ് ആരോപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam