ഉന്നാവിൽ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയ യുവതിയെ ചുട്ടുകൊല്ലാൻ ശ്രമിച്ച് പ്രതികൾ

By Web TeamFirst Published Dec 5, 2019, 11:00 AM IST
Highlights

ബലാത്സംഗത്തിന് ഇരയായ 23 വയസ്സുള്ള യുവതിയെയാണ് ഒരു സംഘം പ്രതികൾ, ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിച്ചത്. ഇവർക്കെതിരെ കൂട്ടബലാത്സംഗപ്പരാതി നൽകിയ യുവതിയെയാണ് പ്രതികൾ ആക്രമിച്ചത്. 

ഉന്നാവ്: ഉത്തർപ്രദേശിലെ ഉന്നാവിൽ ബലാത്സംഗത്തിനിരയായി പരാതി നൽകിയ യുവതിയെ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിച്ച് കേസിലെ പ്രതികൾ. 23-കാരിയായ ഉന്നാവ് സ്വദേശിനിയെയാണ് പ്രതികൾ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. യുവതിയുടെ ദേഹത്ത് എഴുപത് ശതമാനം പൊള്ളലേറ്റു. പെൺകുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ ലഖ്‍നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഉന്നാവ് പൊലീസ് പിടികൂടിയിട്ടുണ്ട്. 

ഈ വർഷം മാർച്ച് മാസത്തിലാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. ഇതേത്തുടർന്ന് ഉന്നാവ് പൊലീസിൽ പെൺകുട്ടി പ്രതികൾക്കെതിരെ പരാതി നൽകുകയും ചെയ്തു.

ഈ കേസിൽ കൃത്യമായ നടപടി പൊലീസ് സ്വീകരിച്ചില്ലെന്ന് മാത്രമല്ല, പ്രതികൾ ഒളിവിലാണെന്ന വാദം പറഞ്ഞ് കേസന്വേഷണം നീട്ടിക്കൊണ്ടുപോയി. ഇതിനിടെ തനിക്ക് ഭീഷണിയുണ്ടെന്നും, അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും പറഞ്ഞ് പെൺകുട്ടി വീണ്ടും പൊലീസിൽ പരാതി നൽകിയിരുന്നു. 

എന്നാൽ ഇതിൽ പൊലീസ് കൃത്യമായ നടപടി സ്വീകരിച്ചില്ല. ഇന്ന് കേസിന്‍റെ വിചാരണ പ്രാദേശിക കോടതിയിൽ നടക്കാനിരിക്കുകയായിരുന്നു. കേസ് വിചാരണയിൽ പങ്കെടുക്കാൻ വീട്ടിൽ നിന്ന് പുറപ്പെട്ട പെൺകുട്ടിയെയാണ് പ്രതികൾ ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള റോഡിൽ വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.

അഞ്ചംഗ സംഘമാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇതിൽ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. 

അതീവഗുരുതരാവസ്ഥയിലാണ് പെൺകുട്ടിയെന്നും, 70 ശതമാനത്തോളമാണ് ദേഹത്ത് പൊള്ളലേറ്റിരിക്കുന്നതെന്നുമാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ലഖ്‍നൗവിലെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ബേൺ വാർഡിൽ പ്രത്യേക ചികിത്സയിലാണ് പെൺകുട്ടി. 

പെൺകുട്ടിയെ ആക്രമിച്ച അഞ്ച് പേരിൽ ഒരാൾ, പെൺകുട്ടി നൽകിയ ബലാത്സംഗക്കേസിലെ പ്രതിയായിരുന്നുവെന്ന് യുപി പൊലീസ് പറയുന്നു. ഇയാൾ ഇത്രയും കാലം ഒളിവിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഒളിവിലായിരുന്ന പ്രതിയാണ് പെൺകുട്ടിയെ പട്ടാപ്പകൽ റോഡിൽ വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. 

''ഇന്ന് രാവിലെയാണ് ആക്രമണത്തിന്‍റെ വിവരങ്ങൾ കിട്ടിയത്. പൊള്ളലേറ്റ നിലയിലും ആക്രമിച്ചവരുടെ വിവരങ്ങൾ പെൺകുട്ടി തന്നിട്ടുണ്ട്. ഓരോരുത്തരെയും കണ്ടെത്താൻ പ്രത്യേക ടീമുകളെ നിയോഗിച്ചിട്ടുണ്ട്. മൂന്ന് പേരെ അറസ്റ്റ് ചെയ്ത് കഴിഞ്ഞു. രണ്ട് പേർക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു'', എന്ന് ഉന്നാവിൽ നിന്നുള്ള മുതിർന്ന പൊലീസുദ്യോഗസ്ഥൻ വിക്രാന്ത് വീർ അറിയിച്ചു. 

പെൺകുട്ടിയുടെ അച്ഛന്‍റെ ഗ്രാമമാണ് ഉന്നാവിലുള്ളത്. ഇവിടെ കഴിഞ്ഞ മാർച്ചിലെത്തിയപ്പോഴാണ് ഒരു സംഘമാളുകൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന്‍റെ ദൃശ്യങ്ങൾ പ്രതികൾ ചിത്രീകരിക്കുകയും ചെയ്തെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഉന്നാവിൽത്തന്നെ ഇത്തരമൊരു പരാതി റജിസ്റ്റർ ചെയ്താൽ നീതി ലഭിക്കില്ലെന്ന് പെൺകുട്ടി കോടതിയോട് അഭ്യർത്ഥിച്ചതിനെത്തുടർന്ന് സമീപത്തെ റായ്ബറേലി ജില്ലയിലാണ് ഈ ബലാത്സംഗപ്പരാതി റജിസ്റ്റർ ചെയ്തത്. 

ഇതിൽ ഒരു പ്രതിയെ അന്ന് യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. മറ്റൊരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടേയില്ല. ഇയാളുടെ സ്വത്ത് കണ്ടു കെട്ടിയെന്നും, ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നുവെന്നുമാണ് പൊലീസ് ഇപ്പോൾ അവകാശപ്പെടുന്നത്. 

ഉന്നാവിൽ നിന്ന് തന്നെയുള്ള പെൺകുട്ടിയാണ് മുൻ ബിജെപി എംഎൽഎയായിരുന്ന കുൽദീപ് സിംഗ് സെംഗാറിനെതിരെ ബലാത്സംഗക്കേസ് നൽകിയത്. പരാതിയിൽ സെംഗാർ അറസ്റ്റിലായെങ്കിലും ഇയാളുടെ ബന്ധുക്കളിൽ നിന്ന് പെൺകുട്ടിക്ക് നിരന്തരം ഭീഷണിയുണ്ടായിരുന്നു. ഇതിനിടെയാണ് ബന്ധുവിന്‍റെ വീട്ടിൽ നിന്ന് മടങ്ങി വരും വഴി പെൺകുട്ടി സഞ്ചരിച്ച കാറിന് നേരെ ലോറി ഇടിക്കുന്നതും അതീവഗുരുതരാവസ്ഥയിൽ പെൺകുട്ടി ആശുപത്രിയിലാകുന്നതും. അന്ന് യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിന് നേരെ രൂക്ഷവിമർശനമാണ് സുപ്രീംകോടതി ഉയർത്തിയത്. 

click me!