Latest Videos

ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷണം; മുഖ്യപ്രതിയായ പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍

By Web TeamFirst Published Nov 16, 2020, 12:14 AM IST
Highlights

മൂന്നു മാസം മുമ്പ് പരിചയപ്പെട്ട പാറശാല സ്വദേശി തന്നെയായ മനീഷിനൊപ്പമായിരുന്നു അര്‍ഫാന്‍ മോഷണത്തിന് ഇറങ്ങിയത്. പാറശാലയില്‍ നിന്ന്ഏതാണ്ട് നൂറു കിലോ മീറ്റര്‍ ദൂരത്തുളള ചാത്തന്നൂര്‍ ഊറാംവിളയിലാണ് കഴിഞ്ഞ മാസം 31ന് ഇരുവരും മോഷണത്തിന് എത്തിയത്. 

കൊല്ലം: ചാത്തന്നൂരില്‍ ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷണം നടത്തിയ സംഘത്തിലെ രണ്ടാമനും അറസ്റ്റിലായി. പാറശാല ഇഞ്ചിവിള സ്വദേശിയായ പത്തൊമ്പതുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യാസര്‍ അറാഫത്ത്. അര്‍ഫാന്‍ എന്ന് അടുപ്പക്കാര്‍ വിളിക്കും. 19 വയസുകാരനായ അര്‍ഫാന്‍ ആഡംബര ജീവിതത്തിനും ലഹരിക്കുളള പണം കണ്ടെത്താനും വേണ്ടിയാണ് മാല മോഷണത്തിന് ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. 

മൂന്നു മാസം മുമ്പ് പരിചയപ്പെട്ട പാറശാല സ്വദേശി തന്നെയായ മനീഷിനൊപ്പമായിരുന്നു അര്‍ഫാന്‍ മോഷണത്തിന് ഇറങ്ങിയത്. പാറശാലയില്‍ നിന്ന്ഏതാണ്ട് നൂറു കിലോ മീറ്റര്‍ ദൂരത്തുളള ചാത്തന്നൂര്‍ ഊറാംവിളയിലാണ് കഴിഞ്ഞ മാസം 31ന് ഇരുവരും മോഷണത്തിന് എത്തിയത്. മനീഷിന്‍റെ ബൈക്കിലായിരുന്നു യാത്ര. റോഡരികില്‍ മല്‍സ്യം വിറ്റിരുന്ന സ്ത്രീയുടെ അടുത്ത് മല്‍സ്യം വാങ്ങാനെന്ന വ്യാജേന എത്തിയ ശേഷം കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച് കടക്കുകയായിരുന്നു ഇരുവരും. 

പ്രതികള്‍ യാത്ര ചെയ്ത വഴിയിലെ നൂറോളം സിസിടിവികള്‍ പരിശോധിച്ചാണ് പൊലീസ് അര്‍ഫാനെയും മനീഷിനെയും തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഈ മാസം 6ന് മനീഷിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് അര്‍ഫാനും പിടിയിലാകുന്നത്. ഈ ദിവസങ്ങളില്‍ നാഗര്‍കോവിലിലും, കോയമ്പത്തൂരിലും,മധുരയിലുമായി ഒളിവില്‍ കഴിയുകയായിരുന്നു അര്‍ഫാന്‍. 

കവര്‍ന്ന മാല നാഗര്‍കോവിലിലെ ഒരു കടയില്‍ വിറ്റ് കാശാക്കുകയും ചെയ്തു. ഈ മാലയും ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ ജോണിന്‍റെ നേതൃത്വത്തിലുളള പൊലീസ് സംഘം കണ്ടെടുത്തു.

click me!