ചന്ദ്രനഗർ ബാങ്ക് കവർച്ച; നഷ്ടമായ രണ്ട് കിലോ സ്വർണം പൊലീസ് വീണ്ടെടുത്തു

By Web TeamFirst Published Aug 23, 2021, 11:02 PM IST
Highlights

ചന്ദ്രനഗർ ബാങ്കിൽ നിന്ന് കവർന്ന രണ്ട് കിലോ സ്വർണ്ണം പൊലീസ് വീണ്ടെടുത്തു. പ്രതിയുമായി മഹാരാഷ്ട്രയിൽ നടത്തിയ തെളിവെടുപ്പിനൊടുവിലാണ് സ്വർണ്ണം കണ്ടെടുത്തത്.

പാലക്കാട്: ചന്ദ്രനഗർ ബാങ്കിൽ നിന്ന് കവർന്ന രണ്ട് കിലോ സ്വർണ്ണം പൊലീസ് വീണ്ടെടുത്തു. പ്രതിയുമായി മഹാരാഷ്ട്രയിൽ നടത്തിയ തെളിവെടുപ്പിനൊടുവിലാണ് സ്വർണ്ണം കണ്ടെടുത്തത്. പ്രതി നിഖിൽ അശോക് ജോഷിയെ മഹാരാഷ്ട്രയിൽ എത്തിച്ചു നടത്തിയ അന്വേഷണത്തിലാണ് രണ്ട് കിലോ സ്വർണം വീണ്ടെടുക്കാൻ കഴിഞ്ഞത്. 

സത്താറയിലെ വിവിധ സ്വർണ്ണവ്യാപാരികൾ നിന്നാണ് ഇവ പിടിച്ചെടുത്തത്. കവർച്ചയ്ക്ക് ശേഷം സത്താറയിലെ വിവിധ ജുവലറികളിൽ പ്രതി സ്വർണ്ണം വിൽക്കുകയായിരുന്നു. ഇനി അഞ്ചരക്കിലോ സ്വർണ്ണം കൂടി കണ്ടെത്താനുണ്ട്. ഇതിനായി പൊലീസിന്റെ ഒരു സംഘം മഹാരാഷ്ട്രയിൽ തുടരുകയാണ്. ബാക്കി സ്വർണ്ണം രൂപമാറ്റം വരുത്തും മുന്പ് വീണ്ടെടുക്കുകയാണ് ഇനി പൊലീസിന് മുന്നിലുള്ള വെല്ലുവിളി.

കഴിഞ്ഞ ജൂലൈ 26 നാണ് ചന്ദ്രനഗറിലെ സഹകരണ ബാങ്ക് കുത്തിത്തുറന്ന് ഏഴരക്കിലോ സ്വർണ്ണവും പതിനെട്ടായിരം രൂപയും പ്രതി കവർന്നത്. പതിനെട്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതി നിഖിൽ സത്താറയിൽ നിന്നും പിടിയിലായത്. മോഷണത്തിനായി ജൂലൈയിൽ തന്നെ നിഖിൽ പാലക്കാട് എത്തിയിരുന്നു. 

സഹകരണ ബാങ്കുകളിൽ കവർച്ച നടത്തുകയായിരുന്നു ലക്ഷ്യം. ഒരു മാസത്തോളം നിരീക്ഷിച്ച ശേഷമാണ് പ്രതി ചന്ദ്രനഗറിലെ ബാങ്കിൽ മോഷണം നടത്തിയത്. ബാങ്കിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് പ്രതി പിടിയിലായത്.

click me!