വ്യാജ രേഖ ചമച്ച് ആഡംബര കാറിന്റെ ഉടമസ്ഥാവകാശം മാറ്റി; കഥ മെനഞ്ഞ് മോഷണവും, ഒടുവിൽ അറസ്റ്റ്

By Web TeamFirst Published Aug 29, 2021, 9:55 AM IST
Highlights

വ്യാജ രേഖ ചമച്ച് ആഡംബര കാറിന്റെ ഉടമസ്ഥാവകാശം മാറ്റിയ സംഭവത്തിൽ രണ്ടുപേർ തൃശ്ശൂരിൽ അറസ്റ്റിൽ. അയ്യന്തോൾ സദേശി ജയപ്രകാശൻ, നേടുപുഴ സ്വദേശി നിതീഷ് എന്നിവരാണ് ഒല്ലൂർ പൊലീസിന്റെ പിടിയിലായത്‌. രണ്ട് ആഴ്ച മുൻപാണ് ഒല്ലൂരിലെ കാർ വിൽപനശാലയിൽ നിന്ന് ആഡംബര കാർ ഓടിച്ചു നോക്കാൻ എന്ന വ്യാജേന രണ്ട് പേർ മോഷ്ടിച്ചത്. 

തൃശ്ശൂർ: വ്യാജ രേഖ ചമച്ച് ആഡംബര കാറിന്റെ ഉടമസ്ഥാവകാശം മാറ്റിയ സംഭവത്തിൽ രണ്ടുപേർ തൃശ്ശൂരിൽ അറസ്റ്റിൽ. അയ്യന്തോൾ സദേശി ജയപ്രകാശൻ, നേടുപുഴ സ്വദേശി നിതീഷ് എന്നിവരാണ് ഒല്ലൂർ പൊലീസിന്റെ പിടിയിലായത്‌. രണ്ട് ആഴ്ച മുൻപാണ് ഒല്ലൂരിലെ കാർ വിൽപനശാലയിൽ നിന്ന് ആഡംബര കാർ ഓടിച്ചു നോക്കാൻ എന്ന വ്യാജേന രണ്ട് പേർ മോഷ്ടിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ ആണ് ജയപ്രകാശനും നിതീഷും അറസ്റ്റിൽ ആയത്.

പണയം ആയി നൽകിയ ബെൻസ് കാറിന്റെ യഥാർത്ഥ ഉടമ അറിയാതെ വ്യാജ ഒപ്പിട്ട് ആർടി ഓഫീസിൽ സമർപ്പിച്ച് ഉടമസ്ഥാവകാശം മാറ്റിയ കേസിൽ ആണ് അറസ്റ്റ്. സാമ്പത്തിക ബാധ്യതയെ തുടർന്ന് കാറുടമ ഉയർന്ന പലിശക്ക് ജയപ്രകാശനിൽ നിന്ന് പണം കടം വാങ്ങി, ഈടായി തന്റെ ബെൻസ് കാറും, രേഖകളും നൽകിയിരുന്നു. 

കാറിന്റെ ബാങ്ക് വായ്‌പ അടച്ച് തീർക്കാൻ ബുദ്ധിമുട്ട് വന്നതോടെ ഉടമ മരത്താക്കരയിലുള്ള ഒരു ഷോറൂമിൽ വാഹനം വിൽക്കുന്നതിനായി സമീപിക്കുകയും, ഷോറൂം ഉടമ വാഹനത്തിന്റെ ബാങ്ക് വായ്‌പ  ബാധ്യതയും, ജയപ്രകാശിന്റെ ബാധ്യതയും അടച്ച് തീർക്കുകയും ചെയ്തു. 

എന്നാൽ കാറിന്റെ ആർസി ബുക്ക് നഷ്ടപ്പെട്ടു പോയി എന്ന് ജയപ്രകാശ് ഇരുകൂട്ടരെയും പറഞ്ഞു പറ്റിച്ചു. വാഹനം ഷോറൂമിൽ വിൽപ്പനക്കായി നിർത്തിയിട്ടിരുന്ന സമയത്താണ് ഇരുവരും കാർ മോഷ്ടിച്ചത്. പിന്നീടുള്ള അന്വേഷണത്തിലാണ് ആർടി ഓഫീസിൽ യഥാർത്ഥ ഉടമയുടെ വ്യാജ ഒപ്പിട്ട സെയിൽ ലെറ്റർ ഉപയോഗിച്ച് ജയപ്രകാശ് നിതീഷിന്റെ പേരിലേക്ക് വാഹനം മാറ്റിയ കാര്യം അറിയുന്നത്.

ഉടമസ്ഥാവകാശം മാറ്റുന്നതിന്  ഒടിപി വരുന്നതിനായി കൊടുത്ത ഫോൺ നമ്പറുകൾ പ്രതികളുടെ തന്നെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതികളുടെ പേരിൽ നിരവധി വഞ്ചന കേസുകൾ ഉണ്ടെന്നു പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

click me!