
തിരുവനന്തപുരം: ചാരിറ്റി വീഡിയോ പ്രചരിപ്പിച്ചതിലൂടെ തിരുവനന്തപുരം പോത്തൻകോട്ടെ കിടപ്പുരോഗിക്ക് കിട്ടിയ പണം കൈപ്പറ്റിയതായി പൊലീസിനോട് സമ്മതിച്ച് വിസ്മയ ന്യൂസ് സംഘം. പണം തട്ടിച്ച കേസിലെ പ്രതികളായ വിസ്മയ ന്യൂസ് സംഘത്തിൻറെ ബാങ്ക് അക്കൗണ്ട് വിശദമായി പരിശോധിക്കാനാണ് പൊലീസിൻറെ തീരുമാനം. തട്ടിയെടുത്ത പണം ചോദിച്ചപ്പോൾ വീണ്ടും ചാരിറ്റി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാമെന്ന് വിസ്മയാ ന്യൂസ് സംഘം രോഗിയുടെ ബന്ധുവിനോട് പറയുന്ന ഓഡിയോ പുറത്ത് വന്നു.
നാലരവര്‍ഷത്തിലേറെയായി നട്ടെല്ല് തകര്‍ന്ന് കിടക്കുന്ന ഷിജുവിൻറെ ചാരിറ്റി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിലൂടെ കിട്ടിയ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് വിസ്മയ ന്യൂസ് എന്ന സാമൂഹിക മാധ്യമം നടത്തുന്നവര്‍ തട്ടിയെടുത്തത്. ഇന്നലെയാണ് ഏഷ്യാനെറ്റ്ന്യൂസ് ഈ വാർത്ത പുറത്തുകൊണ്ടുവന്നത്. വാര്‍ത്തയ്ക്ക് പിന്നാലെ വിസ്മയ ന്യൂസിലെ വീഡിയോ ചിത്രീകരിച്ച ക്യാമറാമാന്‍ അനീഷ്, നടത്തിപ്പുകാരന്‍ രജനീഷ്, അനീഷിന്‍റെ ഭാര്യ രമ്യ എന്നിവരെ പോത്തൻകോട് പൊലീസ് ചോദ്യം ചെയ്തു. ഷിജുവിൻറെ സഹോദരിയുടെ അക്കൗണ്ടിലേക്ക് വന്ന പണം കൈപ്പറ്റിയതായി ഈ സംഘം പൊലീസിനോട് സമ്മതിച്ചു.
കൊല്ലത്തെ മറ്റൊരു രോഗിക്ക് കൈമാറാനാണ് പണം വാങ്ങിയതെന്നാണ് ഇവർ പറയുന്നത്. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. ഇവരുടെ ബാങ്ക് അക്കൗണ്ടിൻറെ വിശദാംശങ്ങൾ മുഴുവൻ പരിശോധിച്ച് തുടർ നടപടിയിലേക്ക് പോകാനാണ് പൊലീസ് നീക്കം. മറ്റൊരു പ്രതിയായ രജിത് കാര്യത്തിലിനെ ഉടൻ ചോദ്യം ചെയ്യും. അതിനിടെയാണ് കിട്ടിയ പണം തിരിച്ചു ചോദിച്ചപ്പോള്‍ വീണ്ടും വാര്‍ത്ത ചെയ്യാം എന്നും അതില്‍ നിന്ന് കിട്ടുന്ന പണം നിങ്ങളെടുത്തോളൂ എന്നും രജിത്തും രജനീഷും അനീഷും അടങ്ങുന്നസംഘം ഷിജുവിനോടും സഹോദരിയോടും പറയുന്ന ഓഡിയോ പുറത്തുവന്നത്.
കിടപ്പുരോഗികളുടെ ദുരിതം ചിത്രീകരിച്ച് അക്കൗണ്ട് വഴി പണം വന്ന് തുടങ്ങുമ്പോഴാണ് ഇവരുടെ തട്ടിപ്പ് തുടങ്ങുന്നത്. പലരോടും കിട്ടുന്നതില്‍ പകുതി തരണം എന്ന് തുടക്കത്തില്‍ തന്നെ ആവശ്യപ്പെടുന്നുമുണ്ട്. പാവപ്പെട്ട രോഗികള്‍ എന്തെങ്കിലും സഹായം കിട്ടുന്നെങ്കിൽ കളയണ്ട എന്ന് കരുതിയാണ് പലപ്പോഴും ഇത്തരക്കാരുടെ വലയില്‍ അകപ്പെട്ട് പോകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam