
ചാരുംമൂട്:ഭാര്യയ്ക്ക് പ്രേത ബാധയെന്ന് യുവാവ്. മന്ത്രവാദത്തിനിടെ യുവതിയും മാതാവും ക്രൂര മർദ്ദനത്തിനിരയായി. ഇലിപ്പക്കുളം സ്വദേശിനി ഫാത്തിമയും മാതാവ് സാജിദയുമാണ് ഒഴിപ്പിക്കലിന്‍റെ പേരില്‍ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. ഇവരുടെ പരാതിയില്‍ യുവതിയുടെ ഭർത്താവടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പഴകുളം പടിഞ്ഞാറ് ചിറയിൽ കിഴക്കതിൽ അനീഷ് (34), താമരക്കുളം മേക്കുംമുറി ഇരപ്പൻപാറ സൗമ്യ ഭവനത്തിൽ ഷിബു (31), ഭാര്യ ഷാഹിന (23) മന്ത്രവാദി കുളത്തൂപ്പുഴ ചന്ദനക്കാവ് തിങ്കൾ കരിക്കകത്ത് ബിലാൽ മൻസിൽ സുലൈമാൻ (52), സഹായികളായ കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദ്ദീൻ മൻസിൽ അൻവർ ഹുസൈൻ (28), സഹോദരൻ ഇമാമുദ്ദീൻ (35) എന്നിവരെയാണ് നൂറനാട് സി. ഐ പി. ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ആദിക്കാട്ടുകുളങ്ങര അമ്മൻകോവിൽ ജഗ്ഷനു സമീപമുള്ള വാടക വീട്ടിൽ വച്ച് മന്ത്രവാദ ക്രിയയ്ക്കിടെ ബലപ്രയോഗം നടത്തി ശാരീരികമായി ഉപദ്രവിച്ചതായാണ് യുവതിയുടെ പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് ആയിരുന്നു സംഭവം. ഇലിപ്പക്കുളത്ത് താമസിച്ചിരുന്ന ഇവർ അടുത്തിടെയാണ് ആദിക്കാട്ടുകുളങ്ങരയിലെ വാടക വീട്ടിലേക്ക് താമസം മാറ്റിയത്. മകളെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മാതാവ് സാജിദക്ക് മർദ്ദനമേറ്റത്.മര്‍ദ്ദനത്തിനിടെ യുവാവ് തൊട്ടിലിൽ കിടന്ന ഒരു വയസുള്ള കുഞ്ഞിനെ വലിച്ച് താഴെയിട്ടു. ഇതെല്ലാം കണ്ട രണ്ടുവയസുകാരൻ മകൻ ഇപ്പോഴും ഭയത്തിലാണെന്നും ഇവര്‍ പരാതിയില്പ റയുന്നു. ഒരുവിധം അവിടെ നിന്നും രക്ഷപ്പെട്ട ഇരുവരും നൂറനാട് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
ഒരുമാസം മുമ്പ് ഇലിപ്പക്കുളത്തു വച്ച് സമാനമായ ഉപദ്രവം ഉണ്ടായതായും മന്ത്രവാദത്തിന്‍റെ പേരില്‍ പീഡനം ഏറ്റതിനേ തുടർന്ന് നൽകിയ പരാതിയിലെ പരിഹാരം എന്ന നിലയിൽ വള്ളികുന്നം പൊലീസ് ഇരുവരെയും യോജിപ്പിൽ വിടുകയായിരുന്നു. അന്ന് പൊലീസ് അനീഷിനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് ഇവര്‍ ആദ്ദിക്കാട്ടുകുളങ്ങരയിലേക്ക് താമസം മാറ്റിയത്. ആദിക്കാട്ടുകുളങ്ങരയിൽ എത്തിയതോടെ അനീഷ് വീണ്ടും മന്ത്രവാദ സമ്മർദ്ദത്തിലേക്ക് മാറുകയായിരുന്നു. ഭാര്യയ്ക്ക് പ്രേതബാധയുണ്ടെന്ന് അന്ധമായി വിശ്വസിച്ചിരുന്ന ഇയാൾ ബാധ ഒഴിപ്പിക്കുന്നതിനായി മന്ത്രവാദിയായ സുലൈമാനെയും സഹായികളെയും വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.ഇതിന് സഹായിക്കുകയും ഉപദ്രവത്തിൽ പങ്കാളികളായതിൻ്റെയും പേരിലാണ് അനീഷിൻ്റെ ബന്ധുക്കളായ ഷിബുവിനെയും ഭാര്യ ഷാഹിനയേയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.