ചാവക്കാട് ആൾതാമാസമില്ലാത്ത വീട്ടിലെ കവർച്ച; പ്രധാന പ്രതികൾ പിടിയിൽ

By Web TeamFirst Published Dec 26, 2020, 12:06 AM IST
Highlights

ചാവക്കാട് തിരുവത്രയിൽ ആൾതാമസമില്ലാത്ത വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് 36 പവൻ കവർന്ന കേസിൽ പ്രധാന പ്രതികൾ പിടിയിൽ. 

തൃശ്ശൂർ: ചാവക്കാട് തിരുവത്രയിൽ ആൾതാമസമില്ലാത്ത വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് 36 പവൻ കവർന്ന കേസിൽ പ്രധാന പ്രതികൾ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് പനയ്ക്കൽ ചന്ദ്രൻ ,മുഹമ്മദ് നിസാർ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ തമിഴ്നാട് സത്യമംഗലം കാട്ടിനുള്ളിലെ ഒളിത്താവളത്തിൽ നിന്നാണ് പിടികൂടിയത്.

നവമ്പർ മൂന്നിനാണ് വലിയകത്ത് അഷ്റഫിന്റെ വീട്ടിൽ കവർച്ചനടന്നത്. വീടിന്റെ പുറകുവശത്തെ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയിൽ നിന്നും സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. ഈ കേസിന്റെ അന്വേഷണത്തിൽ ആണ് കുപ്രസിദ്ധ മോഷ്ടാവ് ചന്ദ്രനും മുഹമ്മദ് നിസ്സാരും പിടിയിൽ ആയത്. സംസ്ഥാനത്തെ നൂറോളം മോഷണക്കേസുകളിലെ പ്രതികൾ ആണ് ഇവർ. അതുകൊണ്ടു തന്നെ നിരവധി കേസുകളിൽ വ്യക്തത വന്നെന്നു പോലീസ് അറിയിച്ചു. 

ചാവക്കാട്ടെ മോഷണത്തിന് ശേഷം  ഒളിവിൽ പോയ പ്രതികൾ കർണാടക , തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഒളിത്താവളങ്ങളിൽ താമസിച്ചുവരികയായിരുന്നു. മൊബൈൽ ഫോണുകൾ ഉപയോഗിക്കാത്തതിനാൽ പിടികൂടുക ദുഷ്കരം ആയിരുന്നു. കേസിൽ നേരത്തെ പിടിയിൽ ആയ സുഹൈൽ എന്നയാളിൽ നിന്നു കിട്ടിയ വിവരത്തെ തുടർന്നാണ് സത്യ മംഗലതു നിന്ന് പിടി കൂടിയത്. 

വായനാട്ടിലെയും തലപ്പുഴയിലെയും മോഷണം തങ്ങൾ ആണ് ചെയ്‍തത് എന്നു പ്രതികൾ സമ്മതിച്ചിട്ടുണ്ട്. കോഴിക്കോട് മൂക്കത്തു നിരവധി മലഞ്ചരക്ക് സ്ഥാപനങ്ങളിൽ മോഷണം നടത്തി ലക്ഷങ്ങൾ വില വരുന്ന സാധനങ്ങൾ മോഷണം നടത്തിയിരുന്നതായും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

click me!