മൊബൈൽ ആപ്പ് ലോൺ തട്ടിപ്പ് കേസ്: ചൈനീസ് സ്വദേശി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

By Web TeamFirst Published Dec 26, 2020, 12:06 AM IST
Highlights

മൊബൈല്‍ ആപ്പ് ലോൺ തട്ടിപ്പ് കേസില്‍ ചൈനീസ് സ്വദേശിയുൾപ്പടെ നാല് പേരെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ: മൊബൈല്‍ ആപ്പ് ലോൺ തട്ടിപ്പ് കേസില്‍ ചൈനീസ് സ്വദേശിയുൾപ്പടെ നാല് പേരെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. സംഘം രാജ്യത്തെ വിവിധ ഭാഗങ്ങളിലായി കോൾ സെന്‍ററുകൾ സ്ഥാപിച്ച്‌ 11 ആപ്പുകൾ വഴി കോടികളുടെ തട്ടിപ്പ് നടത്തി വരികയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സംഘത്തിലെ പ്രധാനിയും ചൈനീസ് പൗരനുമായ സിയാ സാങ് ഇപ്പോഴും ഒളിവിലാണ്.

റിസർവ് ബാങ്കിന്‍റെ അനുമതിയില്ലാതെ അമിത പലിശയീടാക്കി മൊബൈല്‍ ആപ്പ് വഴി വായ്പ നല്‍കുന്ന സംഘത്തിനെതിരെ തെലങ്കാനയില്‍ ആറ് കേസുകളിലായി അന്വേഷണം പുരോഗമിക്കുകയാണ്. ഡെന്നിസ് എന്നറിയപ്പെട്ടിരുന്ന ഷങ്ഹായി സ്വദേശിയായ യി ബായി, അനിരുദ്ധ് മല്‍ഹോത്ര, റിച്ചീ ഹേമന്ദ് സേട്ട്, സത്യപാല്‍ ഖ്യാലിയ എന്നിവരാണ് പിടിയിലായത്. 

സംഘത്തിലെ പ്രധാനിയായ സിയാ സാങ് ഇപ്പോൾ സിംഗപ്പൂരിലാണെന്നാണ് വിവരം. ഇയാളുടെ നേതൃത്ത്വത്തില്‍ സംഘം കഴിഞ്ഞ വർഷം മുതല്‍ 11 ആപ്പുകളിലൂടെ അമിത പലിശയീടാക്കി ആയിരക്കണക്കിന് ആളുകൾക്ക് വായ്പ നല്‍കിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി സൈബരാബാദ് പോലീസ് കമ്മീഷണർ വിസി സജ്ജനാർ പറഞ്ഞു.

വായ്പ തിരിച്ചടവ് മുടങ്ങിയവരെ കമ്പനിയുടെ രാജ്യത്തെ വിവിധയിടങ്ങളിലുള്ള കോൾ സെന്ററുകളില്‍ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് പൊലീസില്‍ നിരവധി പരാതികളെത്തിയതോടെയാണ് കോടികളുടെ തട്ടിപ്പ് പുറം ലോകമറിഞ്ഞത്. ഇതുവരെ തെലങ്കാനയില്‍ മാത്രം 16 പേരാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലായത്. 

കർണാടകത്തിലും വിവിധ കേസുകളിലായി അന്വേഷണം പുരോഗമിക്കുകയാണ്. ബെംഗളൂരുവിലെ ഇത്തരം കമ്പനികളുടെ കോൾസെന്‍ററുകളില്‍ കഴിഞ്ഞ ദിവസം പരിശോധന നടന്നിരുന്നു. കൊവിഡ് കാലത്ത് ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് 35 ശതമാനം വരെ പലിശയീടാക്കിയാണ് ഇത്തരം കമ്പനികൾ വായ്പ നല്‍കിയിരുന്നത്. ഇതിനെതിരെ റിസർവ് ബാങ്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

click me!