ലൈംഗിക അധിക്ഷേപം: അധ്യാപകനെതിരെ പരാതി നൽകിയ വിദ്യാർത്ഥികൾക്കെതിരെ ചെമ്പഴന്തി എസ്എൻ കോളേജിന്റെ പ്രതികാര നടപടി

By Web TeamFirst Published Oct 15, 2021, 12:02 AM IST
Highlights

അധ്യാപകനെതിരെ ലൈംഗികാധിക്ഷേപത്തിന്  പരാതി നൽകിയ വിദ്യാർത്ഥിനികൾക്ക് എതിരെ ചെമ്പഴന്തി എസ്എൻ കോളെജ് മാനേജ്മെന്റിന്റെ പ്രതികാര നടപടിയെന്ന് ആരോപണം. 

ചെമ്പഴന്തി: അധ്യാപകനെതിരെ ലൈംഗികാധിക്ഷേപത്തിന്  പരാതി നൽകിയ വിദ്യാർത്ഥിനികൾക്ക് എതിരെ ചെമ്പഴന്തി എസ്എൻ കോളെജ് മാനേജ്മെന്റിന്റെ പ്രതികാര നടപടിയെന്ന് ആരോപണം. പരാതിക്കാരായ വിദ്യാർത്ഥിനികളുടെ പെരുമാറ്റ സർട്ടിഫിക്കറ്റിൽ തൃപ്തികരമെന്ന് മാത്രം രേഖപ്പെടുത്തിയെന്നാണ് ആക്ഷേപം. ഇത് മനപ്പൂർവ്വമാണെന്നാണ് പരാതി

രാത്രിസമയങ്ങളിൽ ഫോണിലൂടെ ശല്യം ചെയ്തെന്നും ലൈംഗികചുവയോടെ പെരുമാറിയെന്നും ആരോപിച്ചായിരുന്നു പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിലെ അധ്യാപകനായ ടി അഭിലാഷിനെതിരെ വിദ്യാർത്ഥികൾ പരാതി നൽകിയത്. 2021 ആഗസ്റ്റ് ഒന്നിനാണ് ആറ് വിദ്യാർത്ഥികൾ പരാതി നൽകിയത്. ഇവരിൽ അവസാന വർഷക്കാരായ രണ്ട് പേരാണ് കോണ്ടാക്ട് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. 

ഒരാളുടെ സാക്ഷ്യപത്രത്തിൽ തൃപ്തികരം എന്നാണ് രേഖപ്പെടുത്തിയത്. മറ്റൊരാളുടേതിൽ ജൂലൈ 16 വരെ നല്ല പെരുമാറ്റമായിരുന്നു എന്ന് രേഖപ്പെടുത്തി. സഹപാഠികൾക്കെല്ലാം ഗുഡ് സർട്ടിഫിക്കറ്റ് നൽകിയപ്പോൾ, പരാതി നൽകിയ വിദ്യാർത്ഥികളെ മനപ്പൂർവ്വം വലയ്ക്കുന്നുവെന്നാണ് ആക്ഷേപം. പരാതി പിൻവലിപ്പിക്കാനായി, കോളേജ് മാനേജ്മെന്റ് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുവെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. 

ഇതിന് വഴങ്ങാത്തത് കൊണ്ടാണ് പ്രതികാര നടപടിയെന്നും കുട്ടികൾ പറയുന്നു.ആരോപണമുയർന്ന അധ്യാപകനെതിരെ കോളേജ് ഇതുവരെ നടപടി ഒന്നുമെടുത്തിട്ടില്ല. പരാതി ഇന്റേണൽ കംപ്ലെയ്ന്റ് സെല്ലിന്റെ പരിഗണനയിലാണെന്നാണ് വിശദീകരണം. അതേസമയം ഈ വിദ്യാർത്ഥികൾക്ക് ഇങ്ങനെയെ കോണ്ടാക്ട് സർട്ടിഫിക്കറ്റ് നൽകാനാവൂ എന്നാണ് പ്രിൻസിപ്പാളിന്റെ വിശദീകരണം. 

അധ്യാപകനെതിരെ പരാതി നൽകിയ വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക ആരോപണങ്ങൾ ഉണ്ടെന്നും പ്രിൻസിപ്പാൾ പറയുന്നു. എന്നാൽ അധ്യാപകനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ, കുട്ടികളുടെ കോണ്ടാക്ട് സർട്ടിഫിക്കറ്റ് മാറ്റി നൽകുന്നത് പരിഗണിക്കുമെന്നും പ്രിൻസിപ്പാളിന്റെ വിചിത്ര വിശദീകരണമുണ്ട്.

click me!