പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഗുണ്ടയെ മറ്റൊരു ഗുണ്ടാസംഘം വെട്ടികൊന്നു

By Web TeamFirst Published Jun 16, 2021, 10:53 PM IST
Highlights

ചെന്നൈ ചേത്പേട്ടില്‍ ആംഡബര വില്ലകള്‍ മാത്രമുള്ള പിഎച്ച് സ്ട്രീറ്റിലാണ് കൊലപാതകം. വ്യവസായിയുടെ ഫ്ലാറ്റില്‍ ചര്‍ച്ചയ്ക്ക് എത്തിയ വടിവഴകനെ ഫ്ലാറ്റില്‍ നിന്ന് വിളിച്ചിറക്കയാണ് നാലംഗ സംഘം വെട്ടികൊന്നത്. 

ചെന്നൈ: പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഗുണ്ടയെ ചെന്നൈ നഗരത്തില്‍ മറ്റൊരു ഗുണ്ടാസംഘം വെട്ടികൊന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വടിവഴകനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ചെന്നൈ ചേത്പേട്ടില്‍ ആംഡബര വില്ലകള്‍ മാത്രമുള്ള പിഎച്ച് സ്ട്രീറ്റിലാണ് കൊലപാതകം. വ്യവസായിയുടെ ഫ്ലാറ്റില്‍ ചര്‍ച്ചയ്ക്ക് എത്തിയ വടിവഴകനെ ഫ്ലാറ്റില്‍ നിന്ന് വിളിച്ചിറക്കയാണ് നാലംഗ സംഘം വെട്ടികൊന്നത്. കൊലപാതകം, മോഷണം, കോടികളുടെ റിയല്‍എസ്റ്റേറ്റ് തട്ടിപ്പ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായിരുന്നു വടിവഴകന്‍. രാഷ്ട്രീയ ബിസിനസ് ലോബികളുടെ അടുപ്പക്കാരനായിരുന്നു. 

ചെന്നൈ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടും ക്വട്ടേഷന്‍ ജോലികളുമായി നഗരത്തില്‍ തന്നെ സജീവമായിരുന്നു. വടിവഴകന്‍റെ ക്വട്ടേഷന്‍ സംഘത്തിനൊപ്പം മുന്‍പ് ഉണ്ടായിരുന്ന നാല് പേര്‍ ചേര്‍ന്നാണ് വെട്ടികൊന്നത്. വടവഴകനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് മറ്റൊരു സംഘം രൂപീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഒരാഴ്ച മുമ്പ് ഇരുസംഘങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായി. 

വടിവഴകന്‍റെ ആക്രമണത്തില്‍ എതിര്‍സംഘത്തിലെ കുമാരയ്യ എന്ന നേതാവ് കൊല്ലപ്പെട്ടു. ഇതിന്‍റെ പ്രതികാരമായിരുന്നു കൊലപാതകം. സംഭവ ശേഷം ഒളിവില്‍ പോയ നാല് പേരെയും ചെങ്കല്‍പ്പേട്ട് അതിര്‍ത്തിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശി വിക്രം, റസൂല്‍, തിരുവാരൂര്‍ സ്വദേശി മണികണ്ഠന്‍, വൈഭവ് എന്നിവരാണ് പിടിയിലായത്.

click me!