കൊല്ലം: പാരിപ്പള്ളിയിൽ നാല് വയസ്സുകാരി മരിച്ചു. അമ്മയുടെ മർദ്ദനമേറ്റാണ് കുട്ടി മരിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊല്ലം പാരിപ്പള്ളി സ്വദേശി ദീപുവിന്‍റെ മകൾ ദിയയാണ് മരിച്ചത്. പനിയുണ്ടായിരുന്നിട്ടും ആഹാരം കഴിക്കാത്തതിനാലാണ് കുട്ടിയെ മർദ്ദിച്ചതെന്നാണ് അമ്മ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കുട്ടിയുടെ അമ്മ രമ്യ കഴക്കൂട്ടം പൊലീസിന്‍റെ കസ്റ്റഡിയിലാണ്.
കുട്ടിയുടെ കാലിലടക്കം പാടുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. അടി കിട്ടിയതിന്‍റെ പാടുകളാണ് ദേഹത്തുണ്ടായിരുന്നത്. ആഹാരം കഴിക്കാത്തതിന്‍റെ പേരിൽ കമ്പ് വച്ച് അടിച്ചുവെന്നാണ് കുട്ടിയുടെ അമ്മ ബന്ധുക്കളോടും പൊലീസിനോടും പറഞ്ഞിരിക്കുന്നത്. ഇതാണോ മരണകാരണം എന്നത് പൊലീസ് പരിശോധിക്കുന്നത്.
കൊല്ലം പാരിപ്പള്ളിയിൽ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിന്‍റെ നില വഷളായതിനെത്തുടർന്ന് തിരുവനന്തപുരം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ചാണ് കുഞ്ഞ് മരിച്ചത്.
കുട്ടിയുടെ മരണവിവരമറിഞ്ഞ് അച്ഛൻ ദിപു ബോധരഹിതനായി വീണു. കുഴഞ്ഞു വീണ ദിപുവിനെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അച്ഛനും അമ്മയും ചേർന്ന് തന്നെയാണ് കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുവന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു. കൂടെ ഇളയ കുഞ്ഞുമുണ്ടായിരുന്നു. രണ്ടാമത്തെ കുഞ്ഞിന് രണ്ട് വയസ്സ് മാത്രമേ പ്രായമുള്ളൂ. മൂത്ത കുഞ്ഞാണ് മരിച്ചത്.
കുട്ടിയെ കമ്പ് കൊണ്ട് അടിച്ചെന്ന് അമ്മ പറഞ്ഞതെന്ന് ബന്ധു ഷൈബ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ''കമ്പ് വച്ച് ഞാൻ അടിച്ചു ചേച്ചീ എന്ന് എന്നോട് അവള് പറഞ്ഞിരുന്നു. ആശുപത്രിയിൽ വന്നപ്പോഴാണ് പറഞ്ഞത്. അപ്പോൾ ഞാനവളെ വഴക്ക് പറയുകയും ചെയ്തു. കുഞ്ഞിനെ അവൾ അടിക്കുമെന്ന് എനിക്കിപ്പോഴാണ് അറിയുന്നത്. ഇതിന് മുമ്പ് ഇങ്ങനെയൊന്നും പെരുമാറിയിരുന്നില്ല. പനിയുണ്ടായിരുന്നു എന്നതൊഴിച്ചാൽ കുഞ്ഞിന് വേറെ അസുഖങ്ങൾ ഒന്നുമുണ്ടായിരുന്നില്ല'', എന്ന് ബന്ധുവായ ഷൈബ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam