ഇടുക്കിയില്‍ അടയ്ക്കാ കളത്തില്‍ ബാലവേല; 37 കുട്ടികളെ കണ്ടെത്തി, നടത്തിപ്പുകാരനെതിരെ നടപടി

By Web TeamFirst Published Jan 22, 2020, 8:08 AM IST
Highlights

അടയ്ക്കാ കളത്തില്‍ തുടർച്ചയായി പണിയെടുത്തതിനാൽ പലരുടെയും കൈ മുറിഞ്ഞ നിലയിലാണ്. അസം സ്വദേശികളാണ് കുട്ടികൾ. എല്ലാവരുടെയും പ്രായം 9നും 15 വയസിനും ഇടയിലാണ്. 

ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് അടക്കാ കളത്തില്‍ ബാലവേല ചെയ്യുകയായിരുന്ന 37 കുട്ടികളെ ബാലക്ഷേമ സമിതി കണ്ടെത്തി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. വണ്ണപ്പുറം പാക്കട്ടിയിലെ അടയ്ക്ക കളത്തിലാണ് കുട്ടികൾ ദിവസങ്ങളായി പണിയെടുത്തുകൊണ്ടിരുന്നത്. അടയ്ക്ക പൊളിക്കലും അടുക്കലുമായിരുന്നു കുട്ടികളുടെ ജോലി. സംഭവത്തില്‍ അന്വേഷണം നടത്തി നടത്തിപ്പുകാരനെതിരെ നടപടിയെടുക്കാൻ ബാലക്ഷേമ സമിതി പൊലീസിന് നി‍ർദ്ദേശം നൽകി.

ബാലക്ഷേമ സമിതിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. അടയ്ക്കാ കളത്തില്‍ തുടർച്ചയായി പണിയെടുത്തതിനാൽ പലരുടെയും കൈ മുറിഞ്ഞ നിലയിലാണ്. അസം സ്വദേശികളാണ് കുട്ടികൾ. എല്ലാവരുടെയും പ്രായം 9നും 15 വയസിനും ഇടയിലാണ്. അടയ്ക്ക് കളത്തിൽ പണിയെടുക്കുന്നതിനായി 47 കുടുംബങ്ങളെ അസമിൽ നിന്നെത്തിച്ചിട്ടുണ്ട്. 

ഈ കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെ പണിയെടുത്ത് കൊണ്ടിരുന്നത്. വിവരങ്ങൾ ശേഖരിച്ച ശേഷം ഇനി പണിയെടുപ്പിക്കില്ലെന്ന ഉറപ്പിൽ കുട്ടികളെ മാതാപിതാക്കൾക്കൊപ്പം വിട്ടു. വിളിപ്പിച്ചാൽ ഏത് സമയത്തും കുട്ടികളെ ഹാജരാക്കണമെന്നും ബാലക്ഷമേ സമിതി അറിയിച്ചു. പരിശോധന നടത്തുമ്പോൾ മുങ്ങിയ അടയ്ക്ക് കളംനടത്തിപ്പുകാരനായി പൊലീസ് അന്വേഷണം തുടങ്ങി. 

click me!