കർദിനാളിനെതിരെ വ്യാജ രേഖ; അടുത്ത മാസം ആദ്യം കുറ്റപത്രം സമർപ്പിക്കും

By Web TeamFirst Published Jan 22, 2020, 7:20 AM IST
Highlights

 വ്യാജരേഖ ചമയ്ക്കാൻ ഫാദര്‍ പോള്‍ തേലക്കാട്ട് അടക്കം അഞ്ചു വൈദികര്‍ ഗൂഡാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. അതേ സമയം കേസിലെ ഒരു പ്രതി വിഷ്ണവിനെ മാപ്പു സാക്ഷിയാക്കിയേക്കും. 

കോട്ടയം: ക‍ർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസിൽ അടുത്ത മാസം ആദ്യം കുറ്റപത്രം സമർപ്പിക്കും. വ്യാജരേഖ ചമയ്ക്കാൻ ഫാദര്‍ പോള്‍ തേലക്കാട്ട് അടക്കം അഞ്ചു വൈദികര്‍ ഗൂഡാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. അതേ സമയം കേസിലെ ഒരു പ്രതി വിഷ്ണവിനെ മാപ്പു സാക്ഷിയാക്കിയേക്കും. സഭാ ഭൂമി ഇടപാടിൽ ക‍ർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സാമ്പത്തിക നേട്ടം ഉണ്ടാക്കി എന്ന് വരുത്തി തീർക്കാനാണ് വ്യാജ ബാങ്ക് രേഖ ചമച്ചതെന്നാണ് കണ്ടെത്തൽ. 

കോന്തുരുത്തി സ്വദേശി ആദ്യത്യനാണ് കമ്പ്യൂട്ട‌ർ ഉപയോഗിച്ച് വ്യാജ രേഖയുണ്ടാക്കിയതെന്നും പൊലീസ് കണ്ടെത്തി. സത്യദീപം മുൻ ചീഫ് എഡിറ്റർ ഫാ. പോൾ തേലക്കാട്ട്, ഫാ. ആൻറണി കല്ലൂക്കാരൻ, ഫാ. സണ്ണി കളപ്പുര എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് വ്യാജ രേഖ തയ്യാറാക്കിയതെന്നായിരുന്നു ആദിത്യൻറെ മൊഴി. ഗൂഡാലോചന, വ്യാജരേഖ ചമക്കൽ, വ്യാജ രേഖയെ യാഥാർത്ഥ രേഖ എന്ന രീതിയിൽ അവതരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് വൈദികര്‍ക്കെതിരെ ചുമത്തിയത്. മറ്റു രണ്ടു വൈദികരും ഗൂഡാലോചനയിൽ പങ്കാളിയായെന്ന് അന്വേഷണ സംഘം പറയുന്നു. 

ഇവരെയും പ്രതികളാക്കിയേക്കും. 2019 ജനുവരിയിൽ സിനഡിലായിരുന്നു മുൻ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത് കർദിനാളിന് എതിരായ രേഖകൾ ഹാജരാക്കിയത്. എന്നാൽ രേഖകള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി സിനഡാണ് പൊലീസിനെ സമീപിച്ചത്. മനത്തോടത്തിന് കുറ്റ കൃത്യത്തിൽ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണ സംഘം കേസിൽ നിന്ന് ഒഴിവാക്കി. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ അപേക്ഷ സർക്കാരിൻറെ പരിഗണനയിലാണ്. 

click me!