Chitrakoot rape case | ബലാത്സംഗക്കേസിൽ യുപി മുൻ മന്ത്രി ഗായത്രി പ്രജാപതിക്ക് ജീവപര്യന്തം

By Web TeamFirst Published Nov 12, 2021, 7:22 PM IST
Highlights

ചിത്രകൂട് സ്വദേശിയായ യുവതിയെ ഗായത്രി പ്രജാപതിയും ആറ് കൂട്ടാളികളും ചേർന്ന് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. യുവതിയുടെ പ്രായപൂർത്തിയാകാത്ത മകളെയും ഇവർ‍ പീഡിപ്പിക്കാൻ ശ്രമിച്ചു

ദില്ലി: ചിത്രക്കൂട് ബലാത്സംഗക്കേസിൽ (Chitrakoot rape ) മുൻ ഉത്തർപ്രദേശ് മന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ ഗായത്രി പ്രജാപതിക്ക് ( Gayatri Prajapati ) ജീവപര്യന്തം തടവ് ശിക്ഷ. രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം. പ്രത്യേക കോടതി ജഡ്ജി പി കെ റായ് ആണ് ശിക്ഷ വിധിച്ചത്. മൂന്ന് പേർക്കാണ് കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ഗായത്രി പ്രജാപതിയുടെ കൂട്ടാളികളായ അശോക് തിവാരി, ആശിഷ് ശുക്ല എന്നിവരാണ് മറ്റ് രണ്ട് പേർ. കേസിൽ നാല് പ്രതികളെ കോടതി വേറുതേ വിട്ടു. 

വികാസ് വർമ്മ, രൂപേശ്വർ, അമരേന്ദ്ര സിംഗ് ( പിൻ്റു), ചന്ദ്രപാൽ എന്നിവരെയാണ് കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടത്. അഖിലേഷ് സർക്കാരിലെ പ്രധാനികളിലൊരാളായിരുന്നു ഗായത്രി പ്രജാപതി. ഗതാഗതവകുപ്പും, ഖനന വകുപ്പുമായിരുന്നു ഇയാൾ കൈകാര്യം ചെയ്തിരുന്നത്. 

ചിത്രകൂട് സ്വദേശിയായ യുവതിയെ ഗായത്രി പ്രജാപതിയും ആറ് കൂട്ടാളികളും ചേർന്ന് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. യുവതിയുടെ പ്രായപൂർത്തിയാകാത്ത മകളെയും ഇവർ‍ പീഡിപ്പിക്കാൻ ശ്രമിച്ചു. യുവതിയുടെ പരാതിയിൽ കേസെടുക്കാൻ യുപി പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപ്പിച്ചാണ് യുവതി കേസെടുപ്പിച്ചത്. 

2014 മുതൽ മന്ത്രിയും കൂട്ടാളികളെ തന്നെ പീഡനത്തിനിരയാക്കുന്നുണ്ടെന്നായിരുന്നു യുവതിയുടെ പരാതി.  മകളെയും പീഡിപ്പിക്കാൻ തുനിഞ്ഞതോടെയാണ് പരാതി നൽകാൻ യുവതി മുന്നോട്ട് വന്നത്. 2017 മാർച്ചിലാണ് പ്രജാപതി അറസ്റ്റിലാവുന്നത്. 

click me!