
തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ കഞ്ചാവ് വിൽപ്പന സംഘങ്ങൾ തമ്മിൽ സംഘർഷം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കാപ്പ കേസ് പ്രതി ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം ഉണ്ടായത്. തിരുവല്ല വേങ്ങൽ മുണ്ടപ്പള്ളി കോളനിക്ക് സമീപത്ത് വച്ചാണ് ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയത്.
മാസങ്ങൾക്ക് മുമ്പുള്ള കഞ്ചാവ് വിൽപ്പന ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ആദ്യം വാക്കേറ്റത്തിൽ തുടങ്ങി, പിന്നീട് വടിവാൾ അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് പരസ്പരം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
പൊലീസ് എത്തിയപ്പോൾ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അഞ്ച് പേരെ സംഭവം സ്ഥലത്ത് നിന്ന് തന്നെ പിടികൂടി. അലക്സ് എം ജോർജ്, ജോൺസൺ, സച്ചിൻ, വിഷ്ണുകുമാർ, ഷിബു തോമസ് എന്നിവരാണ് പിടിയിലായത്. ഇവരിൽ പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിടിയിലായ അലക്സ് എം ജോർജ് കാപ്പ കേസ് പ്രതിയാണ്.
ഇതിനിടെ തൃശൂരില്‍ രണ്ട് മയക്കുമരുന്ന് കേസുകളിലായി മൂന്നു പേര്‍ അറസ്റ്റിലായിരുന്നു. ഒല്ലൂരില്‍ നിന്ന് എംഡിഎംഎയുമായി മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍അപ്പും സുഹൃത്തായ എന്‍ജിനീയറുമാണ് പിടിയിലായത്. ദേശീയ ഭാരോദ്വഹന ടീമിലേക്ക് സെലക്ഷന്‍ ട്രയല്‍ കഴിഞ്ഞിരിക്കുന്ന മുകുന്ദപുരം കല്ലൂര്‍ കളത്തിങ്കല്‍ വീട്ടില്‍ സ്റ്റിബിന്‍ (30) നെ സംശയാസ്പദനിലയില്‍ കണ്ടെത്തിയാണ് ചോദ്യംചെയ്തത്.
ഇയാളില്‍ നിന്ന് 4.85 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മൊഴിയുടെ അടിസ്ഥാനത്തില്‍ 12 ഗ്രാം എംഡിഎംഎയുമായി കല്ലൂര്‍ ഭരതദേശത്ത് കളപ്പുരയില്‍ ഷെറിനെ (32) തുടര്‍ന്ന് പിടികൂടി. തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ അധിക ചുമതലയുള്ള എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജി പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും പിടിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam