ബെംഗളൂരു: പേന മോഷ്ടിച്ചെന്ന ആരോപണത്തിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് ഏൽക്കേണ്ടി വന്നത് സമാനതകളില്ലാത്ത മർദ്ദനം. കർണാടകയിലെ റായ്ചൂരിലാണ് മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ തല്ലിച്ചതച്ചത്. വിറകുകൊണ്ടുള്ള ക്രൂരമായ മർദ്ദനത്തിന് ശേഷം മൂന്നാം ക്ലാസുകാരനെ മൂന്ന് ദിവസം ആശ്രമത്തിലെ ഒരു മുറിയിൽ പൂട്ടിയിടുകയും ചെയ്തുവെന്നാണ് കുടുംബം ആരോപിക്കുന്നത്. തരുൺ കുമാർ എന്ന മൂന്നാംക്ലാസ് വിദ്യാർത്ഥിയുടെ മാതാപിതാക്കളാണ് റായ്ചൂരിലെ രാമകൃഷ്ണ ആശ്രമത്തിനെതിരെ പരാതിയുമായി വന്നിട്ടുള്ളത്.
വേണുഗോപാൽ എന്നയാളാണ് ക്രൂരതയ്ക്ക് പിന്നിലെന്നാണ് പരാതി. ഇയാളും ക്ലാസിലെ മുതിർന്ന കുട്ടികളും ചേർന്നാണ് പേന മോഷ്ടിച്ചെന്ന് ആരോപിച്ച് തരുണിനെ വിറകു കൊണ്ട് തല്ലിച്ചതച്ചത്. ക്രൂര മർദ്ദനത്തിൽ വിറക് ഒടിഞ്ഞതിന് പിന്നാലെ ബാറ്റ് കൊണ്ടും മർദ്ദിച്ചുവെന്നാണ് രക്ഷിതാക്കളുടെ പരാതി. ശരീരത്തിൽ മുറിവേൽപ്പിച്ച ശേഷം റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി ഭിക്ഷ എടുപ്പിക്കാൻ നിർത്തിയെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. പണമൊന്നും ലഭിക്കാതെ വന്നതോടെയാണ് തിരികെ ആശ്രമത്തിലെത്തിച്ച് മുറിയിൽ പൂട്ടിയിട്ടത്.
മർദ്ദനമേറ്റ് കണ്ണുകൾ വീങ്ങിയ നിലയിലാണ് കുട്ടിയെ രക്ഷിതാക്കൾ കണ്ടെത്തിയത്. കുട്ടിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളതിനാലായിരുന്നു കുട്ടിയെ ആശ്രമത്തിൽ നിർത്തി പഠിപ്പിച്ചിരുന്നതെന്നാണ് കുട്ടിയുടെ കുടുംബം വിശദമാക്കുന്നത്. ഞായറാഴ്ച കുട്ടിയെ കാണാൻ അമ്മ ആശ്രമത്തിലെത്തിയതോടെയാണ് ക്രൂര സംഭവം പുറത്തറിയുന്നത്. ഇതേ ആശ്രമത്തിൽ തന്നെയാണ് തരുണിന്റെ സഹോദരനും താമസിച്ച് പഠിക്കുന്നത്.
നിലത്ത് കിടന്ന പേന സഹപാഠിയാണ് മകന് എടുത്ത് നൽകിയതെന്നാണ് കുട്ടിയുടെ അമ്മ പ്രതികരിക്കുന്നത്. ക്രൂരമായ മർദ്ദനത്തിന് ശേഷം കണ്ണുകെട്ടി കാലും കയ്യും കൂട്ടിക്കെട്ടിയാണ് കുട്ടിയെ ഇരുട്ടുമുറിയിൽ അടച്ചതെന്നുമാണ് കുട്ടിയുടെ അമ്മ പരാതിപ്പെടുന്നത്. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam