സായാഹ്നനടത്തത്തിന് ഇറങ്ങിയ കോളേജ് പ്രൊഫസറെ അടിച്ചുവീഴ്ത്തി മൊബൈൽ ഫോൺ പിടിച്ചുപറിച്ച്
ചെന്നൈ: സായാഹ്നനടത്തത്തിന് ഇറങ്ങിയ കോളേജ് പ്രൊഫസറെ അടിച്ചുവീഴ്ത്തി മൊബൈൽ ഫോൺ പിടിച്ചുപറിച്ച് ഇരുചക്രവാഹനവും മോഷ്ടിച്ച് കടന്ന പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടി. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ നിന്ന് വീണ് പ്രതിയുടെ കാലൊടിഞ്ഞു.
തിരുച്ചിറപ്പള്ളി സെൻട്രൽ ബസ് സ്റ്റാൻഡിന് സമീപം വൗസി റോഡിൽ താമസിക്കുന്ന സർവകലാശാലാ അധ്യാപിക സീതാലക്ഷ്മിയാണ് ആക്രമിക്കപ്പെട്ടത്. ഇരുചക്രവാഹനം പാർക്ക് ചെയ്തതിന് ശേഷം നടക്കാനിറങ്ങിയ സീതാലക്ഷ്മിയെ പ്രതി പിന്നിൽ നിന്നെത്തി തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. അടികൊണ്ട് ബോധം നഷ്ടപ്പെട്ട സീതാലക്ഷ്മിയെ കാലിൽ പിടിച്ച് വലിച്ചിഴച്ച് റോഡരികിൽ തള്ളി. മൊബൈൽ ഫോൺ മോഷ്ടിച്ച ശേഷം സീതാലക്ഷ്മി എത്തിയ ഇരുചക്രവാഹനവുമായി പ്രതി കടന്നുകളയുകയായിരുന്നു. അണ്ണാ സർവകലാശാലയിൽ പ്രൊഫസറായ ഇവർ തിരുച്ചിറപ്പള്ളിയിൽ ചികിത്സയിലാണ്.
വിവരമറിഞ്ഞ പൊലീസ് ട്രാഫിക് ക്യാമറകളിൽ നിന്ന് ഇയാളുടെ ലൊക്കേഷൻ മനസ്സിലാക്കി. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയാണെന്ന് തിരിച്ചറിഞ്ഞ് റോഡിൽ കാത്തുനിന്നു. എന്നാൽ അമിതവേഗത്തിലെത്തിയ പ്രതി പൊലീസിനെ വെട്ടിച്ച് ബൈക്കോടിച്ചുപോയി. പൊലീസ് പിന്തുടരുന്നതിനിടെ റോഡിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡിലിടിച്ച് വീഴുകയായിരുന്നു. തിരുക്കാട്ടുപ്പള്ളി പഴമനേരി സ്വദേശി ശെന്തിൽ കുമാറാണ് പിടിയിലായത്. വീഴ്ചയിൽ കാലൊടിഞ്ഞ പ്രതി തിരുച്ചിറപ്പള്ളി മഹാത്മാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.
Read more: സഹപ്രവര്‍ത്തകന്റെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി സൈനികൻ, കൊലയ്ക്ക് പിന്നിൽ ഭാര്യയുടെ അവിഹിത ബന്ധം