
തിരുവനന്തപുരം/കൊച്ചി: ഒടിടി പ്ലാറ്റ്ഫോമായ എസ്മക്കെതിരെ പരാതിയുമായി യുവാവ് എത്തിയ സംഭവം വിശദമായി അന്വേഷിക്കാന്‍ പൊലീസ്. താൻ അഭിനയിച്ച അശ്ലീല ചിത്രത്തിന്‍റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി രംഗത്ത് വന്നതാണ് സംഭവങ്ങളുടെ തുടക്കം. സാധാരണ ചിത്രമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചുവെന്ന് ഇരുപത്തിയാറുകാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് സീരിയൽ രംഗത്ത് അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ഇരുപത്തിയാറുകാരന്‍ പരാതി നല്‍കിയത്. താൻ അഭിനയിച്ച എസ്മ സീരീസിന്‍റെ ചിത്രം അശ്ലീല ഉള്ളടക്കമുള്ളതാണെന്നും അതിന്‍റെ റിലീസ് തടയണമെന്നുമാണ് പരാതി. തന്നെ കൂടാതെ മൂന്ന് പേർ കൂടി പരാതിയുണ്ടെന്നും 20,000 രൂപ കൈപ്പറ്റിയിരുന്നുവെന്നും യുവാവ് പറഞ്ഞു. യുവാവിന്‍റെ പരാതിക്ക് പിന്നാലെയാണ് പരാതിക്കാരൻ എഗ്രിമെന്‍റ് വായിച്ച് ഒപ്പിടുന്ന വീഡിയോ അണിയറക്കാര്‍ പുറത്ത് വിട്ടത്.
സീരീസിനെത്തിരെ ആരോപണം ഉന്നയിച്ച നടനായി അഭിനയിച്ച യുവാവും ഒപ്പം അഭിനയിച്ച യുവതിയും സംവിധായികയ്ക്കും അണിയറ പ്രവർത്തകനും ഒപ്പം നിന്ന് കരാറില്‍ ധാരണയാക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 90 ശതമാനം നഗ്നത പ്രദർശിപ്പിക്കുന്ന പ്രോജക്ട് ആണെന്നും അഡൽറ്റ്‌സ് ഒൺലി പ്ലാറ്റ്ഫോമിൽ ആണ് സീരീസ് റിലീസ് ചെയ്യുന്നത് എന്നും ഇക്കാര്യങ്ങൾ എല്ലാം നേരത്തെ പറഞ്ഞിരുന്നോ എന്നുള്ള ചോദ്യത്തിന് നടനും നടിയും പറഞ്ഞിരുന്നു എന്ന് സമ്മതിക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്.
അശ്ലീല ചിത്രമാണെന്ന് യുവാവിനെ അറിയിച്ചിരുന്നുവെന്നും ഓഡിഷനിലൂടെയാണ് നടനെ തെരഞ്ഞെടുത്തതെന്നും സംവിധായിക ലക്ഷ്മി ദീപ്ത പറയുന്നു. അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരെയാണ് കേസ് എടുത്തത്.
അതേസമയം, വെബ് സീരീസിന്‍റെ റിലീസ് തടയണമെന്ന് മാത്രമേ പരാതിയിൽ അറിയിച്ചിട്ടുള്ളുവെന്ന് കേസ് അന്വേഷിക്കുന്ന വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി. ഒപ്പം ഒടിടി പ്ലാറ്റ്ഫോം ജനശ്രദ്ധയിലേക്ക് കൊണ്ട് വരാനുള്ള തന്ത്രത്തിന്‍റെ ഭാഗമാണോ പരാതിയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങിയ ഘട്ടത്തിലാണ് ചിത്രം പിൻവലിക്കണമെന്ന പരാതി വന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam