
കോഴിക്കോട്: സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അധ്യാപകനെ ചെയ്യാത്ത കുറ്റത്തിന്‍റെ പേരില്‍ വിദ്യാഭ്യാസ വകുപ്പ് വേട്ടയാടുന്നുവെന്ന് പരാതി. കോഴിക്കോട് നൊച്ചാട് എയുപി സ്കൂള്‍ അധ്യാപകന്‍ അജീഷിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മാനേജര്‍ക്ക് കത്ത് നല്‍കി. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഘത്തില്‍ അജീഷുമുണ്ടെന്ന് കാട്ടി ടി പി രാമകൃഷ്ണന്‍ എം എല്‍ എ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം ഉണ്ടായ ജൂണ്‍ 15- ന് നൊച്ചാട് സ്കൂളില്‍ ജോലിയിലായിരുന്നു എ യു പി സ്കൂള്‍ അധ്യാപകന്‍ അജീഷ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഘത്തില്‍ ഇങ്ങനെ ഒരാള്‍ ഉളളതായി പൊലീസിനും വിവരമില്ല. എന്നിട്ടും ഈ സംഭവത്തിന്‍റെ പേരില്‍ ആരോപണം നേരിടുകയാണ് മുന്‍ സി പി എം പ്രാദേശിക നേതാവ് കൂടിയായ അജീഷ്.
സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന പേരില്‍ തന്‍റെ പേരില്‍ ടിപി രാമകൃഷ്ണന്‍ എംഎല്‍എ വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ വ്യാജ പരാതിയാണ് തനിക്കെതിരായ അന്വേഷണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് അജീഷ് പറയുന്നു. അജീഷിനെതിരെ അന്വേഷണമാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കോഴിക്കോട് ഡിഡിഇയ്ക്കും ഡിഡിഇ ഇതുസംബന്ധിച്ച് സ്കൂള്‍ മാനേജര്‍ക്കും കത്ത് നല്‍കുകയായിരുന്നു.
എന്നാല്‍ താന്‍ വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധത്തെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നാണ് ടിപി രാമകൃഷ്ണന്‍റെ വിശദീകരണം. നൊച്ചാട് നടന്ന രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അജീഷിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പരസ്യമായി ഒരധ്യാപകന്‍ കലാപത്തിന് ആഹ്വാനം ചെയ്ത കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയാണ് ചെയ്തതെന്നും ടിപി രാമകൃഷ്ണന്‍ പറയുന്നു.
Read more: 'വൈപ്പിൻ കരയോടുള്ള അവഗണന അവസാനിപ്പിക്കണം' മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി നടി അന്നാ ബെൻ
എന്നാല്‍ എംഎല്‍എയുടെ പരാതിയില്‍ പറയാത്ത കാര്യം എങ്ങനെ പിന്നീട് അന്വേഷണമായി മാറിയെന്ന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിനും കൃത്യമായ മറുപിടിയില്ല. പാര്‍ട്ടി വിടുന്നവരെ സിപിഎം വേട്ടയാടുന്നതിന് തെളിവാണിതെന്നും അജീഷിനെതിരായ നടപടി പിന്‍വലിക്കണമെന്നും ഡിസിസി പ്രസിഡണ്ട് കെ പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam