
കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ കെട്ടിടം കരാറുകാരൻ ആത്മഹത്യ ചെയ്തു. ചെറുപുഴ സ്വദേശി ജോയ് ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം.
കോൺഗ്രസ് നേതൃത്വത്തിലുള്ള കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രി കെട്ടിടം നിർമ്മിച്ച വകയിൽ ഒരു കോടിയിലധികം രൂപ ജോയിക്ക് കിട്ടാനുണ്ടെന്ന് ഭാര്യാ സഹോദരൻ പറഞ്ഞു. ഈ കെട്ടിടത്തിന് മുകളിൽ വച്ചാണ് ജോയ് ആത്മഹത്യ ചെയ്തത്. ഈ പണം തിരികെ ലഭിക്കുന്നത് സംബന്ധിച്ച് ചില ചർച്ചകൾ നടന്നിരുന്നു.
ഇതിന് ശേഷം ജോയിയെ കാണാതാവുകയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രി കെട്ടിടത്തിന് മുകളിൽ ജോയിയെ മരിച്ച നിലയിൽ കണ്ടത്തിയത്.
കൈ ഞരമ്പ് മുറിച്ച നിലയിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. പണം കിട്ടാനും കൊടുക്കാനുമുള്ള കണക്കുകൾ രേഖപ്പെടുത്തിയ ഒരു കുറിപ്പും പൊലീസ് സ്ഥലത്ത് നിന്നും കണ്ടെത്തി. കുറിപ്പിൽ മറ്റ് ചില കാര്യങ്ങൾ എഴുതിയിയിട്ടുണ്ടെങ്കിലും അക്കാര്യം വ്യക്തമല്ല.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വിശദമായ പരിശോധനകൾ നടത്തിയതിന് ശേഷമാകും പോസ്റ്റമോർട്ടം നടപടികളിലേക്ക് പോകുക. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടും ജോയിക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും കുടുംബാംഗങ്ങൾ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam