Latest Videos

കൊറോണ സംബന്ധിച്ച് പഠനം നടത്തുന്ന ചൈനീസ് ഗവേഷകന്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

By Web TeamFirst Published May 7, 2020, 1:33 PM IST
Highlights

കൊറോണ വൈറസിന്റെ കോശഘടനയെക്കുറിച്ചുള്ള നിര്‍ണ്ണായക പഠനത്തിലായിരുന്നു ലിയുവെന്നാണ് പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല അറിയിച്ചത്. ഇയാള്‍ ലിയുവിനെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. 

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് സംബന്ധിച്ച ഗവേഷണം നടത്തിവരുകയായിരുന്ന ചൈനീസ് ഗവേഷകന്‍ ബിങ് ലിയു അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. ഇദ്ദേഹത്തിന് 37 വയസായിരുന്നു. പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ റിസര്‍ച്ച് അസിസ്റ്റന്റ് പ്രൊഫസറായിരുന്നു ലിയു. ലിയുവിന്‍റെ കാറില്‍ ഹോഗു(46) എന്നയാളെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. 

കൊറോണ വൈറസിന്റെ കോശഘടനയെക്കുറിച്ചുള്ള നിര്‍ണ്ണായക പഠനത്തിലായിരുന്നു ലിയുവെന്നാണ് പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല അറിയിച്ചത്. ഇയാള്‍ ലിയുവിനെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. മരിച്ച രണ്ടുപേരും മറ്റ് രാജ്യത്ത് നിന്നുള്ളവരായതിനാല്‍ വലിയ അഭ്യൂഹങ്ങളാണ് കേസുമായി ബന്ധപ്പെട്ട് ഉയരുന്നത്. വെടിവച്ച ഹോഗും ലിയും നേരത്തെ പരിചയക്കാരാണ് എന്നാണ് പ്രദേശിക പൊലീസ് വൃത്തങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ പ്രഥമിക അന്വേഷണത്തില്‍ ലിയുവിന്‍റെ പഠനങ്ങളും, ഇപ്പോഴത്തെ കൊവിഡ് പ്രതിസന്ധിയും തമ്മില്‍ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

ലിയു നിര്‍ണായകമായ പഠനത്തില്‍ ഏര്‍പ്പെട്ടിരുന്ന ആളും ആയതിനാല്‍ തന്നെ സംഭവത്തില്‍ കൂടുതല്‍ ഉന്നതതല അന്വേഷണത്തിന് സാധ്യതയുണ്ടെന്നാണ് പ്രദേശിക പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലയിലും കഴുത്തിലും അടക്കം ശരീരത്തില്‍ നിരവധി വെടിയുണ്ടകള്‍ തറച്ച നിലയില്‍ ബിങ് ലിയുവിനെ സ്വവസതിയിലാണ് കണ്ടെത്തിയത്. അദ്ദേഹം തുടങ്ങിവെച്ച ഗവേഷണങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും സര്‍വകലാശാല പുറത്തിറക്കിയ അനുസ്മരണ കുറിപ്പില്‍ പറയുന്നു.

click me!