
ഇടുക്കി: നെടുങ്കണ്ടത്തിനടുത്ത് മാവടിയിൽ സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ അസ്ഥികൂടം കണ്ടെത്തി. കൊലയ്ക്ക് ശേഷം മൃതദേഹം കുഴിച്ചിട്ടതാണെന്നാണ് പൊലീസ് പറയുന്നത്. ഒൻപത് മാസം മുന്പ് പ്രദേശത്ത് നിന്ന് കാണാതായ യുവാവിന്റെതാണിതെന്നാണ് സംശയം.
വർഷങ്ങളായി കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന ഭൂമിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പാറക്കെട്ടുകളും കുറ്റിച്ചെടികളും ഉള്ളതിനാൽ പൊതുവെ ആരും ഈ വഴി വരാറില്ല. പൂപറിക്കാനായി ഇവിടെയെത്തിയ നാട്ടുകാരനാണ് അസ്ഥികൂടം കിടക്കുന്നത് കണ്ടത്. ഭാഗികമായി കത്തിക്കരിഞ്ഞ ഷർട്ടും കൈലിയും മൊബൈൽ ഫോണും പരിസരത്ത് നിന്ന് കണ്ടെത്തി.
കൊലയ്ക്ക് ശേഷം മൃതദേഹം ഇവിടെ കുഴിച്ചിട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒമ്പത് മാസം മുമ്പ് മാവടിയിൽ നിന്ന് കാണാതായ യുവാവിന്റെതാകാം മൃതദേഹാവശിഷ്ടങ്ങളെന്നാണ് കരുതുന്നത്.പൊലീസ് അന്വേഷണത്തിൽ തുമ്പ് കിട്ടാത്തതിനാൽ ക്രൈംബ്രാഞ്ച് ഈ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അസ്ഥികൂടവും, മൊബൈൽ ഫോണുമെല്ലാം പരിശോധക്കയച്ചു. വിദഗ്ധ പരിശോധനയിൽ ആളെക്കുറിച്ചും കൊലയെക്കുറിച്ചും വ്യക്തത കിട്ടുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam