
ദില്ലി: ദമ്പതികളെയും വീട്ടുജോലിക്കാരിയെയും വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുൻജോലിക്കാരാണ് മൂവരെയും കൊലപ്പെടുത്തിയത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് പറഞ്ഞു. ദമ്പതികളുടെ രണ്ട് വയസ്സുള്ള മകൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പുതച്ചുമൂടി ഉറങ്ങിയ നിലയിലായിരുന്നതിനാൽ പ്രതികൾക്ക് കുഞ്ഞിനെ കണ്ടെത്താനായിരുന്നില്ല.
കിഴക്കൻ ദില്ലിയിൽ അശോക്നഗറിൽ ബ്യൂട്ടിപാർലർ നടത്തിവരികയായിരുന്ന ഷാലു അഹൂജയും ഭർത്താവുമാണ് കൊല്ലപ്പെട്ടത്. കുറച്ചുദിവസം മുമ്പ് സ്ഥാപനത്തിലെ രണ്ട് ജോലിക്കാരെ ഷാലു പിരിച്ചുവിട്ടിരുന്നു. ഇരുവരും ബന്ധത്തിലാണെന്നും പ്രൊഫഷണലല്ലാത്ത രീതിയിൽ ജോലിസ്ഥലത്ത് പെരുമാറിയെന്നും ആരോപിച്ചായിരുന്നു നടപടി. ഷാലുവിന്റെ ഭർത്താവ് സമീർ അഹൂജയുമായും ഇരുവരും വാക്തർക്കത്തിലേർപ്പെട്ടിരുന്നു. പിരിച്ചുവിട്ട ജോലിക്കാരിലെ പുരുഷനാണ് കൊലപാതകത്തിന്റെ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു.
ഇയാൾ തന്റെ പെൺസുഹൃത്തുമായും മറ്റ് രണ്ട് സുഹൃത്തുക്കളുമായും ഗൂഢാലോചന നടത്തിയാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്. മറ്റ് രണ്ട് പേർ കൂടി കൃത്യത്തിൽ പങ്കാളികളായി. രാത്രി എട്ടുമണിയോടുകൂടി രണ്ട് ബൈക്കുകളിലായി അഞ്ച് പേർ കൃത്യം നടന്ന വീട്ടിലേക്ക് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വീടിന്റെ താഴത്തെ നിലയിലായിരുന്നു ഷാലു അഹൂജയുടെയും വീട്ടുജോലിക്കാരിയുടെയും മൃതദേഹങ്ങൾ. ഇരുവരുടെയും കഴുത്ത് മുറിച്ച നിലയിലായിരുന്നു. സമീർ അഹൂജയുടെ മൃതദേഹം രണ്ടാമത്തെ നിലയിൽ നിന്നാണ് കണ്ടെത്തിയത്. മുഖത്തും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഫ്രൈയിംഗ് പാൻ കൊണ്ട് തലയ്ക്കടിച്ചാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നതുകൊണ്ട് മാത്രമാണ് ജോലിക്കാരിയെ കൊലപ്പെടുത്തിയത്. പ്രതികളിൽ രണ്ട് പേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. മുഖ്യ പ്രതി ഉൾപ്പടെയുള്ള മറ്റുള്ളവർ ഒളിവിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam