
കോട്ടയം: വൈക്കം തലയോലപ്പറമ്പില്‍ സാമ്പത്തിക തട്ടിപ്പു കേസുകളില്‍ പ്രതികളായ ദമ്പതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. സിപിഎമ്മിന്‍റെയും ഡിവൈഎഫ്ഐയുടെയും മുന്‍ പ്രാദേശിക നേതാക്കള്‍ കൂടിയായ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയ സമ്മര്‍ദം മൂലമാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. എന്നാല്‍ ഇരുവരെയും നാളുകള്‍ക്ക് മുമ്പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നെന്ന് സിപിഎമ്മും വിശദീകരിക്കുന്നു.
തലയോലപറമ്പ് വടകരയിലെ ജുവലറി ഉടമയാണ് തലയോലപറമ്പ് പുത്തൻപുരയ്ക്കൽ അനന്തനുണ്ണി, ഭാര്യ കൃഷ്ണേന്ദു എന്നിവർ പ്രോമിസറി നോട്ട് നൽകി കബളിച്ച് സ്വർണം തട്ടിയെടുത്തതായി ഡിവൈഎസ്പി ഓഫീസിൽ പരാതി നൽകിയത്. പ്രതികള്‍ക്കെതിരായ പൊലീസ് അന്വേഷണത്തിലെ മെല്ലപ്പോക്കാണ് ഇപ്പോള്‍ വിമര്‍ശന വിധേയമാകുന്നത്. കേസിലെ പ്രതിയായ അനന്തന്‍ ഉണ്ണി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. കൃഷ്ണേന്ദു ഡിവൈഎഫ്ഐ പ്രാദേശിക ഭാരവാഹിയും. നിര്‍ധന യുവതികളുടെ വിവാഹം നടത്താനെന്ന വ്യാജേന 43 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങി കബളിപ്പിച്ചെന്നതാണ് ഇരുവര്‍ക്കുമെതിരായ ഒരു കേസ്. നാമമാത്രമായ തുക നല്‍കിയ ശേഷം ബാക്കി തുക നല്‍കാതെ കബളിപ്പിക്കുകയായിരുന്നെന്നാണ് സ്വര്‍ണക്കട ഉടമയുടെ പരാതി.
ഇതുകൂടാതെ കൃഷ്ണേന്ദുവും സഹപ്രവര്‍ത്തക ദേവീ പ്രജിത്തും ചേര്‍ന്ന് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്ത കേസും നിലനില്‍ക്കുന്നുണ്ട്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ രണ്ടെണ്ണമുണ്ടായിട്ടും ഇരുവരെയും അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയ സ്വാധീനം മൂലമെന്നാണ് കോണ്‍ഗ്രസ് ആരോപണം. സിപിഎമ്മാണ് പ്രതികളെ സംരക്ഷിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് വി.ടി ജയിംസ് ആരോപിച്ചു. എന്നാൽ രണ്ടു പേര്‍ക്കുമെതിരെ മുമ്പേ തന്നെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നെന്നും ഇരുവര്‍ക്കും പാര്‍ട്ടിയുമായി ഒരു ബന്ധവും ഇല്ലെന്നുമാണ് സിപിഎം വിശദീകരണം. പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം ശക്തമാണെന്നുമാണ് പൊലീസിന്‍റെ ന്യായീകരണം.
Read More : പേമെന്‍റ് ഗേറ്റ്‌വേ അക്കൗണ്ട് ഹാക്ക് ചെയ്തു, 25 കോടി പോയി, അന്വേഷിച്ച പൊലീസ് ഞെട്ടി, തട്ടിയത് 16,180 കോടി !
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam