ഒളിവുകാലത്ത് തളിരിട്ട ​ഗുണ്ടകളുടെ പ്രണയം, അറസ്റ്റ്, ജയിൽവാസം, അനുരാധയെ വിവാഹം ചെയ്യാൻ സന്ദീപിന് പരോൾ

By Web TeamFirst Published Mar 6, 2024, 9:27 AM IST
Highlights

മൂന്ന് സംസ്ഥാനങ്ങളെ കിടുകിടാ വിറപ്പിച്ച രണ്ട് പിടികിട്ടാപ്പുള്ളികളായ 'മാഡം മിൻസും, ബോണിയും ' ഒടുവിൽ വിവാഹിതരാവുന്നു. 6 മണിക്കൂർ പരോളിനിടെ മുങ്ങാതിരിക്കാൻ സുരക്ഷ ശക്തമാക്കി പൊലീസ്

ദില്ലി: പ്രണയത്തിനും വിവാഹത്തിനും ജയിൽ ഒരു തടസമാകാതിരിക്കുന്ന കാഴ്ചകൾ ഇതിന് മുൻപും കണ്ടിട്ടുള്ളതാണ്. അത്തരമൊരു സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവിന് വിവാഹം കഴിക്കാനായി പരോൾ. അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലെ പ്രമുഖനായ കാലാ ജതേദി എന്ന സന്ദീപിനാണ് ജയിൽവാസത്തിനിടെ വിവാഹം കഴിക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്. നിരവധി കൊലക്കേസുകളിലും തട്ടിക്കൊണ്ടുപോകൽ കേസുകളിലും പ്രതിയായ കാലാ ജതേദി മറ്റൊരു ഗ്യാങ്ങിലെ അംഗമായ അനുരാധയെയാണ് വിവാഹം കഴിക്കുന്നത്.

വിവാഹത്തിനായി 6 മണിക്കൂർ പരോളാണ് അനുവദിച്ചിരിക്കുന്നത്. ബോണീ, ക്ലൈഡ് എന്നീ ഇരട്ടപ്പേരുകളിലാണ് അനുരാധയും സന്ദീപും അറിയപ്പെടുന്നത്. പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്നതിനിടയ്ക്കാണ് ഇവർ പരിചയത്തിലാവുന്നത്. 2020ലാണ് ഇവർ പരിചയപ്പെടുന്നത്. ദില്ലി, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിലെ പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്നവരാണ് അനുരാധയും സന്ദീപും. സന്ദീപിനെ പിടികൂടുന്നവർക്ക് 7 ലക്ഷമാണ് ദില്ലി പൊലീസ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്. 2021ലാണ് ഇരുവരും അറസ്റ്റിലായത്. എന്നാൽ ജാമ്യത്തിലിറങ്ങിയ അനുരാധ സന്ദീപിനെ കാണുന്നത് തുടരുകയായിരുന്നു.

ദ്വാരക കോടതിയാണ് സന്ദീപിന് 6 മണിക്കൂർ സമയത്തേക്ക് പരോൾ അനുവദിച്ചത്. മാർച്ച് 12നാണ് ഗുണ്ടാ നേതാക്കളുടെ വിവാഹം. ലോറൻസ് ബിഷ്ണോയിയുടെ അനുവാദത്തോടെയാണ് വ്യത്യസ്ത സംഘത്തിലുള്ള ഇവരുടെ വിവാഹമെന്നാണ് വിവരം. 2017ൽ പൊലീസ് ഏറ്റുമുട്ടലിൽ പങ്കാളിയായ ആനന്ദ്പാൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഒളിവിൽ പോയ അനുരാധ പിന്നീട് മറ്റൊരു സംഘത്തിനൊപ്പം ചേരുകയായിരുന്നു. രാജസ്ഥാനിലെ സികാറിലെ അൽഫാസാർ സ്വദേശിയാണ് അനുരാധ.

സർക്കാർ ഉദ്യോഗസ്ഥനായിരുന്നു അനുരാധയുടെ പിതാവ്. മിന്റു എന്ന ചെറുപ്പത്തിലെ ഓമനപ്പേര് അനുരാധ ഗുണ്ടാസംഘത്തിനൊപ്പം ചേർന്നതോടെ മാഡം മിൻസ് എന്നായി മാറുകയായിരുന്നു. ബിരുദപഠനത്തിന് പിന്നാലെ ഷെയർമാർക്കറ്റിലൂടെ വലിയ കടക്കെണിയിലായ അനുരാധ പൊലീസ് സഹായം തേടിയെങ്കിലും ലഭിക്കാതെ വന്നതിന് പിന്നാലെ ഗുണ്ടാ സംഘത്തിന്റെ സഹായത്തോടെ കടം വീട്ടി മുഴുവൻ സമയം ക്രിമിനൽ സംഘ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!