കൂടത്തായി കേസ്: ജോളിയടക്കമുള്ള പ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ തീരുമാനം നാളെ

By Web TeamFirst Published Oct 9, 2019, 1:03 PM IST
Highlights

ഒന്നാം പ്രതി ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ നാളെ രാവിലെ 10 മണിക്ക് ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്

കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിലെ പ്രതികളെ നാളെ ഹാജരാക്കാന്‍ താമരശ്ശേരി ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശം. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്‍റെ അപേക്ഷ കോടതി  നാളെ പരിഗണിക്കും. റിമാന്‍റിലുള്ള പ്രതി മാത്യുവിന്‍റെ ജാമ്യാപേക്ഷയും നാളെ പരിഗണിക്കും. 

ഒന്നാം പ്രതി ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ നാളെ രാവിലെ 10 മണിക്ക് ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രൊഡക്ഷന്‍ വാറണ്ടും കോടതി പുറപ്പെടുവിച്ചു. രണ്ടാം പ്രതിയായ മാത്യുവിനു വേണ്ടി ഇന്ന് അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നു. മാത്യുവിന്‍റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്.

മാത്യുവിന് ജാമ്യം ലഭിക്കാനുള്ള സാധ്യത നൂറുശതമാനവും ഉണ്ടെന്ന് പറയാനാകില്ലെന്ന് മാത്യുവിന്‍റെ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു. ജോളിക്കോ പ്രജുകുമാറിനോ വേണ്ടി ഇതുവരെ അഭിഭാഷകര്‍ രംഗത്തുവന്നിട്ടില്ല. 

പ്രതികളെ 11 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുതരണമെന്നാണ് അന്വേഷണസംഘത്തിന്‍റെ ആവശ്യം. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും ആവശ്യമാണെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.  പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെടുമെന്നും അസിസ്റ്റന്‍റ് പബ്ലിക് പ്രൊസിക്യൂട്ടർ രഞ്ജിൻ ബേബി പറഞ്ഞു.

click me!