ജോളി തയ്യാറാക്കിയ വ്യാജവില്‍പ്പത്രം; റവന്യൂമന്ത്രി ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി

By Web TeamFirst Published Oct 9, 2019, 12:01 PM IST
Highlights

പൊന്നാമറ്റത്തെ ഗൃഹനാഥന്‍ ടോം തോമസിന്‍റെ സ്വത്ത് മുഴുവന്‍ സ്വന്തം പേരിലേക്ക് മാറ്റിയെഴുതി ജോളി തയ്യാറാക്കിയ വ്യാജ വില്‍പ്പത്രം സംബന്ധിച്ച് അന്വേഷിക്കാനാണ് റവന്യു മന്ത്രി കളക്ടറോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് കൂടത്തായി വില്ലേജ് ഓഫീസില്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോള്‍ കാണാനില്ല.

കോഴിക്കോട്: കൂടത്തായിയിലെ വ്യാജവില്‍പ്പത്രത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് റവന്യുമന്ത്രി നിര്‍ദ്ദേശം നല്‍കി. വീഴ്ച കണ്ടെത്തിയാലുടന്‍ നടപടി എടുക്കാനും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൂടത്തായി കൊലപാതകപരമ്പരയിലെ പ്രതിയായ ജോളിക്കുവേണ്ടി, ഡെപ്യൂട്ടി തഹസീല്‍ദാരായിരുന്ന ജയശ്രീ വ്യാജവില്‍പ്പത്രമുണ്ടാക്കാന്‍ സഹായിച്ചു എന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ജയശ്രീയെ ചോദ്യം ചെയ്യുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് റവന്യു വകുപ്പില്‍ എന്തെങ്കിലും ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടറോട് റവന്യു മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കുറ്റം ചെയ്തെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം.

വ്യാജ വില്‍പ്പത്രം തയ്യാറാക്കിയതില്‍ താമരശ്ശേരി പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥര്‍ക്കും റവന്യുവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, വിഷയം ഗൗരവതരമാണെന്ന വിലയിരുത്തലുണ്ടാവുകയും റവന്യുമന്ത്രി തന്നെ നേരിട്ട് ഇടപെടല്‍ നടത്തുകയും ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലാ കളക്ടര്‍ എസ് സാംബശിവറാവു ഇപ്പോള്‍ തിരുവനന്തപുരത്താണുള്ളത്. അദ്ദേഹം റവന്യുമന്ത്രിയെ നേരില്‍ക്കണ്ട് ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്യുമെന്നും സൂചനയുണ്ട്. 

പൊന്നാമറ്റത്തെ ഗൃഹനാഥന്‍ ടോം തോമസിന്‍റെ സ്വത്ത് മുഴുവന്‍ സ്വന്തം പേരിലേക്ക് മാറ്റിയെഴുതി ജോളി തയ്യാറാക്കിയ വ്യാജ വില്‍പ്പത്രം സംബന്ധിച്ച് അന്വേഷിക്കാനാണ് റവന്യു മന്ത്രി കളക്ടറോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് കൂടത്തായി വില്ലേജ് ഓഫീസില്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോള്‍ കാണാനില്ല. റിപ്പോര്‍ട്ട് മുക്കിയതില്‍ അന്ന് ഡെപ്യൂട്ടി തഹസീല്‍ദാരായിരുന്ന ജയശ്രീക്ക് പങ്കുണ്ടോ എന്ന് അന്വേഷണം നടക്കുന്നുമുണ്ട്. 

Read Also: ജോളിയുടെ വ്യാജ ഒസ്യത്ത്: അന്വേഷണ റിപ്പോർട്ട് കാണാനില്ല, ജയശ്രീക്ക് എതിരെ നടപടി വന്നേക്കും

ജയശ്രീയും ജോളിയും തമ്മില്‍ നല്ല അടുപ്പമാണുണ്ടായിരുന്നതെന്ന് ജയശ്രീയുടെ വീട്ടുജോലിക്കാരിയടക്കം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ജയശ്രീയുടെ വീട്ടില്‍ തനിക്ക് ജോലി ശരിയാക്കിത്തന്നത് ജോളിയാണെന്നും വീട്ടുജോലിക്കാരിയായ ലക്ഷ്മി പറഞ്ഞിരുന്നു. 

Read Also: ജോളിയ്ക്ക് തഹസിൽദാർ ജയശ്രീയുമായി അടുത്ത ബന്ധം, ഇവരുടെ കുഞ്ഞിനെയും കൊല്ലാൻ ശ്രമിച്ചു

click me!