Latest Videos

കാട്ടുപന്നിയെ കൊല്ലാൻ നാടൻ ബോംബുകൾ വച്ചു, ചത്തത് പശുക്കൾ

By Web TeamFirst Published Jan 8, 2020, 9:17 PM IST
Highlights

ഗൺ പൗഡറിന് മുകളിൽ മാംസവും മറ്റ് ഭക്ഷ്യാവശിഷ്ടങ്ങളും പൊതിഞ്ഞ് കൃഷിയിടങ്ങളിൽ നിക്ഷേപിച്ചാണ് കാട്ടുപന്നികളെ വേട്ടക്കാർ കൊല്ലുന്ന...

ബെംഗളൂരു: കാട്ടുപന്നികളെ വേട്ടയാടിപിടിക്കാനായി വഴിയരികിൽ നിക്ഷേപിച്ച നാടൻ ബോംബുകൾ തിന്ന് രണ്ടു പശുക്കൾ ചത്തു. ബെംഗളൂരുവിനു സമീപം കനക്‍പുര റോഡിലെ കൃഷിയിടങ്ങളിലാണ് അനധികൃത വേട്ട സംഘം നാടൻ ബോംബുകൾ നിക്ഷേപിച്ചത്. ഉടമസ്ഥർ മേയാൻ വിട്ട കാലികളാണ് ഭക്ഷണമെന്നു കരുതി ബോംബ് തിന്നത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു നോക്കിയപ്പോള്‍ നാട്ടുകാര്‍ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന തങ്ങളുടെ കാലികളെയാണെന്ന് കൃഷിക്കാർ പറഞ്ഞു. കഴിഞ്ഞ ദിവസം രണ്ടു പശുക്കളാണ് ഇത്തരത്തിൽ ബോംബ് തിന്നുചത്തത്.

ഗൺ പൗഡറിന് മുകളിൽ മാംസവും മറ്റ് ഭക്ഷ്യാവശിഷ്ടങ്ങളും പൊതിഞ്ഞ് കൃഷിയിടങ്ങളിൽ നിക്ഷേപിച്ചാണ് കാട്ടുപന്നികളെ വേട്ടക്കാർ കൊല്ലുന്നതെന്നും ഗ്രാമവാസികൾ പറഞ്ഞു. മാസങ്ങളായി ഒട്ടേറെ കാട്ടുപന്നികളെ ഇത്തരത്തിൽ കൊന്നൊടുക്കിയിട്ടുണ്ടെന്നും നാട്ടുകാർ പൊലീസിനെ അറിയിച്ചു. കാട്ടുപന്നികളുടെ തോലിനും മാംസത്തിനുമായാണ് ഇവയെ ക്രൂരമായ രീതിയിൽ കൊന്നൊടുക്കുന്നത്. 

ചില ഗ്രാമവാസികൾ ഇവരിൽ നിന്നും മാംസം വിലകൊടുത്തു വാങ്ങുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ വഴിയിരികിൽ നിക്ഷേപിക്കുന്ന ബോംബുകൾ ഗ്രാമവാസികൾക്കും ഭീഷണിയായതിനാൽ ഭൂവുടമകളോട്  കൃഷിഭൂമിയിൽ പരിശോധന നടത്താൻ പൊലീസ് അറിയിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ സത്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

click me!