Dheeraj Murder : 'പ്രകോപനമല്ല കുത്താൻ കാരണം, ആസൂത്രിതമാണ്, അന്വേഷിക്കും മുമ്പ് നിഗമനം വേണ്ട'

Published : Jan 12, 2022, 05:03 PM IST
Dheeraj Murder : 'പ്രകോപനമല്ല കുത്താൻ കാരണം, ആസൂത്രിതമാണ്, അന്വേഷിക്കും മുമ്പ് നിഗമനം വേണ്ട'

Synopsis

'ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് മുകളിലും ആളുകളുണ്ടല്ലോ. ധീരജിന്‍റെ കൊലപാതകം ആസൂത്രിതമാണ്. കൊന്നത് പുറത്തുനിന്ന് വന്ന യൂത്ത് കോൺഗ്രസുകാരാണ്. എല്ലാവരുടെ കയ്യിലും ആയുധങ്ങളുണ്ട്', സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറയുന്നു. 

ഇടുക്കി: എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍റെ കൊലപാതകം പെട്ടെന്നുണ്ടായ പ്രകോപനം മൂലമെന്ന ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമിയുടെ നിഗമനം തെറ്റെന്ന് ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്. അന്വേഷണം തുടങ്ങുമ്പോഴേ നിഗമനത്തിൽ എത്തണ്ട. മുൻവിധികളോടെ സംസാരിക്കുകയും വേണ്ട. ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് മുകളിലും ആളുകളുണ്ടല്ലോ, സിപിഎം ജില്ലാ ഘടകം മുന്നറിയിപ്പ് നൽകുന്നു. 

ധീരജിന്‍റെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണം ആവർത്തിക്കുകയാണ് സിപിഎം. കൊന്നത് ക്യാമ്പസിന് പുറത്തുനിന്നും വന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്. എല്ലാവരുടെ കയ്യിലും ആയുധങ്ങളുണ്ടായിരുന്നു. അതുപയോഗിച്ചാണ് ധീരജിനെയും അമലിനെയും അഭിജിത്തിനെയും കുത്തിയത്. ധീരജിന്‍റെ കൃത്യം നെഞ്ചത്താണ് കുത്ത് കൊണ്ടത്. മരണകാരണം അതാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്. കൃത്യമായി പരിശീലനം കിട്ടിയവരാണ് ക്യാമ്പസിൽ കയറി അക്രമം നടത്തിയത്. എന്നിട്ട് ഇതൊന്നും ആസൂത്രിതമല്ലെന്ന് എങ്ങനെ പറയാനാകുമെന്നും ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ധീരജിനെ കുത്തിയ നിഖിൽ പൈലിയെയും കെഎസ്‍യു നേതാവ് ജെറിൻ ജോജോയെയും അടക്കം കട്ടപ്പന കോടതി ജനുവരി 25 വരെ റിമാൻഡിൽ വിട്ടിരിക്കുകയാണ്. അന്യായമായി സംഘം ചേർന്ന് എത്തിയ യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെത്തന്നെയാണ് ധീരജിനെയും അമലിനെയും കുത്തിയതെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം സെക്രട്ടറി നിഖിൽ പൈലിയാണ് കുത്തിയത് എന്ന് പറയുന്ന റിമാൻഡ് റിപ്പോർട്ട്, സ്ഥലത്ത് കെഎസ്‍യു നേതാവ് ജെറിൻ ജോജോ ഉണ്ടായിരുന്നുവെന്നും പറയുന്നു. മറ്റ് നാല് പ്രതികളും ഒളിവിലാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ കൂട്ടം കൂടി നിരവധി പേർ തന്നെ ആക്രമിക്കാൻ വന്നപ്പോൾ ഓടി രക്ഷപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് നിഖിൽ പൈലി കോടതിയിൽ പറഞ്ഞത്. ഓടി രക്ഷപ്പെട്ട താനാണ് അടി നടക്കുന്ന വിവരം പൊലീസിനെ അറിയിച്ചതെന്നും, ധീരജിനെയും കൊണ്ട് വാഹനം കടന്നുപോകുന്നത് വരെ കത്തിക്കുത്ത് നടന്നത് അറിഞ്ഞിട്ടേയില്ലെന്നും ജെറിൻ ജോജോ കോടതിയിൽ പറഞ്ഞു. 

കൊലയ്ക്ക് ഉപയോഗിച്ച കത്തി ഓടി രക്ഷപ്പെടുന്നതിനിടയിൽ കാട്ടിൽ എറിഞ്ഞു കളഞ്ഞുവെന്നാണ് നിഖിൽ പൈലി പൊലീസിന് മൊഴി നൽകിയത്. നിഖിലിനെയുമായി പൊലീസ് ഇടുക്കി കളക്ടറേറ്റിന് മുന്നിലെ റോഡിലും കുറ്റിക്കാട്ടിലും തെരച്ചിൽ നടത്തിയെങ്കിലും കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്താനായില്ല. 

കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് നാളെ കോടതിയിൽ അപേക്ഷ നൽകും. എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലയ്ക്ക് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്നാണ് സിപിഎം ആരോപണം. കോളേജിന് പുറത്ത് നിന്നെത്തിയവർ ഒറ്റക്കുത്തിനാണ് ധീരജിനെ കൊന്നത്. പരിശീലനം കിട്ടിയവരാണ് ആക്രമണം നടത്തിയത്. ഇതെല്ലാം ആസൂത്രിതമാണെന്നും സിപിഎമ്മും എസ്എഫ്ഐയും ആരോപിച്ചു. 

ഇതോടെയാണ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. കേസിൽ ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

അതേസമയം, ധീരജിനൊപ്പം കുത്തേറ്റ് ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അഭിജിത്തിനെ തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. നെഞ്ചിലെ മുറിവിൽ പഴുപ്പ് കണ്ടത്തിയതിനെ തുടർന്നാണ് തീരുമാനം. അഭിജിത്തിനും നെഞ്ചിലാണ് കുത്തേറ്റത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ