
കണ്ണൂര്‍: കണ്ണൂരിൽ കൊവിഡിനിടെ രാഷ്ട്രീയ അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര. രാഷ്ട്രീയ സംഘർഷം രൂക്ഷമായ കണ്ണപുരത്ത് സിപിഎമ്മും ബിജെപിയും തമ്മിലടി തുടരുകയാണ്. ഇന്നലെ പൊലീസ് സ്റ്റേഷൻ ധർണയ്ക്കിടെ കൊലവിളി മുദ്രാവാക്യം മുഴക്കിയവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
രണ്ടുമാസമായി സിപിഎം-ബിജെപി സംഘർഷം തുടരുന്ന കണ്ണൂർ കണ്ണപുരത്താണ് കൊല വിളി മുദ്രാവാക്യം മുഴങ്ങിയത്. കണ്ണപുരത്ത് ആദ്യം ബിജെപി പ്രവർത്തകന്റെ വീട് തകർത്തു. പിന്നാലെ ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്ക് തടഞ്ഞ് ഭീഷണിപ്പെടുത്തി. അതിന് പിന്നാലെ ബിജെപി നേതാവിന്റെ ബൈക്ക് കത്തിച്ചു.
ബൈക്ക് കത്തിച്ച സിപിഎമ്മുകാരെ അറസ്റ്റ് ചെയ്യുന്നില്ലെന്നാരോപിച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ ബിജെപി നടത്തിയ ധർണയിലാണ് കൊലവിളി മുദ്രാവാക്യം മുഴക്കിയത്. പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ കണ്ണപുരം സിഐ ശിവൻ ചോടോത്തിന്റെ കൈയ്യൊടിഞ്ഞു. സംഭവത്തിൽ നാല് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപി ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത ധർണ്ണയിലെ കൊലവിളി മുദ്രാവാക്യത്തെക്കുറിച്ച് പ്രസിഡന്റിനോട് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു.:
മുദ്രാവാക്യം മുഴങ്ങുന്ന വീഡിയോ താന്‍ കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. സിഐയുടെ കയ്യൊടിഞ്ഞ കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കൈയുടെ എക്സ്റേ കാണിക്കാനായിരുന്നു മറുപടി. കണ്ണപുരം പൊലീസ് സ്റ്റേഷന് മുന്നിലെ ബിജെപിയുടെ കൊലവിളി പ്രസംഗത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പിപി ഷാജിര്‍ പരാതി നൽകിയിരുന്നു. നേരത്തെ സാമൂഹിക അകലം പാലിക്കാതെ സoഘം ചേർന്നതിന് കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ഒരു മാസം മുൻപ് കണ്ണപുരം പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിക്ക് കൊവിഡ് ബാധിച്ചതിനാൽ സ്റ്റേഷനിലുണ്ടായിരുന്ന മിക്കവരും ക്വാറന്റീനിലായിരുന്നു. കൊവിഡ് പ്രതിരോധത്തിനിടെ രാഷ്ട്രീയ അക്രമങ്ങളും കൂടിയാകുമ്പോൾ പൊലീസിന് താങ്ങാനാകാത്ത ജോലിഭാരമാവുകയാണ്. അക്രമികളെ കർശനമായി നേരിടുമെന്ന് എസ്പി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam