Latest Videos

സ്റ്റേഷനിൽ കയറി പൊലീസുകാർക്കെതിരെ വധഭീഷണി; സിപിഎം നേതാക്കള്‍ ഒളിവില്‍; അറസ്റ്റ് വൈകിപ്പിക്കുന്നതായി ആരോപണം

By Web TeamFirst Published May 29, 2020, 10:59 PM IST
Highlights

കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമെടുക്കാൻ അവസരമൊരുക്കുന്നതിന് നേതാക്കളുടെ അറസ്റ്റ് മനപ്പൂർവം വൈകിപ്പിക്കുന്നതായാണ് പൊലീസുകാർക്കിടയിലെ തന്നെ സംസാരം

ഇടുക്കി: വണ്ടിപ്പെരിയാർ സ്റ്റേഷനിൽ കയറി പൊലീസുകാർക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം നേതാക്കൾ ഒളിവിൽ. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെയാണ് നേതാക്കൾ മുങ്ങിയത്. അതേസമയം, കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമെടുക്കാൻ അവസരമൊരുക്കുന്നതിന് നേതാക്കളുടെ അറസ്റ്റ് മനപ്പൂർവം വൈകിപ്പിക്കുന്നതായാണ് പൊലീസുകാർക്കിടയിലെ സംസാരം.

സിപിഎം പീരുമേട് ഏരിയ സെക്രട്ടറി വിജയാനന്ദ്, ജില്ലാ സെക്രട്ടേറിയറ്റംഗം ആർ തിലകൻ എന്നിവരാണ് വണ്ടിപ്പെരിയാർ സ്റ്റേഷനിലെ എഎസ്ഐ അടക്കമുള്ളവർക്കെതിരെ വധഭീഷണി മുഴക്കിയത്. വാഹനപരിശോധനക്കിടെ പിടികൂടിയ ഡിവൈഎഫ്ഐ നേതാവിന്റെ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു നേതാക്കളുടെ പരാക്രമം. എന്നാൽ ഉന്നത സിപിഎം നേതാക്കളായതിനാൽ സംഭവം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ നിസാരവകുപ്പുകൾ മാത്രം ചുമത്തിയ കേസിൽ, പൊലീസ് അസോസിയേഷനിൽ നിന്നടക്കം പരാതി ഉയർന്നതോടെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. അറസ്റ്റിനുള്ള കാര്യങ്ങളിലേക്ക് വണ്ടിപ്പെരിയാർ പൊലീസ് കടക്കുകയും ചെയ്തു. വിവരമറിഞ്ഞ നേതാക്കൾ ഇതോടെ മുങ്ങുകയായിരുന്നു.

അതേസമയം സിപിഎമ്മിന് വേണ്ടി ചില ഉന്നത പൊലീസുകാർ ഒത്തുകളിക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്. സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യാതെ മുൻകൂർ ജാമ്യമെടുക്കാൻ ഇവർ അവസരമൊരുക്കുന്നുവെന്നാണ് ആരോപണം. അറസ്റ്റ് നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും പരാതി നൽകാനാണ് പൊലീസുകാരുടെ തീരുമാനം.

Read more: ഇടുക്കിയിൽ പൊലീസ് സ്റ്റേഷനിൽ കേറി സിപിഎം നേതാക്കളുടെ അതിക്രമം; വീട്ടിൽ കേറി തല വെട്ടുമെന്ന് ഭീഷണി

click me!