കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയത് കൊടുംകുറ്റവാളികൾ; വ്യാപക അന്വേഷണം

By Web TeamFirst Published Jul 23, 2020, 1:11 PM IST
Highlights

നാല് വാര്‍ഡൻമാരും പൊലീസ് സുരക്ഷയും ഉള്ള സെല്ലിൽ നിന്നാണ് പൂട്ട് പോലും പൊളിക്കാതെ പ്രതികൾ രക്ഷപ്പെട്ടത്

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസം രക്ഷപ്പെട്ട നാല് പേര്‍ കൊടുംക്രിമിനലുകളാണെന്ന് പൊലീസ്. ഇന്നലെ രാത്രിയാണ് പ്രതികൾ ആശുപത്രിയിൽ നിന്ന് ചാടിപ്പോയത്. അതും നാല് വാര്‍ഡൻമാരും പൊലീസ് സുരക്ഷയും ഉള്ള സെല്ലിൽ നിന്നാണ് പൂട്ട് പോലും പൊളിക്കാതെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. 

കുറ്റവാളികളെ പാര്‍പ്പിക്കുന്ന മൂന്നാം വാര്‍ഡിലെ പ്രത്യേക സെല്ലില്‍ നിന്നാണ് പ്രതികള്‍ പുറത്ത് ചാടിയത്.കൊടുംകുറ്റവാളിയായ നിസാമുദ്ദീന്‍, പിടിച്ചുപറി -ലഹരി കേസുകളില്‍ ഉള്‍പ്പെട്ട അബ്ദുള്‍ ഗഫൂര്‍, ആഷിക്ക് എന്നിവരും ബന്ധുക്കള്‍ ഇല്ലാത്തതിനാല്‍ പൊലീസ് കേന്ദ്രത്തിലെത്തിച്ച ഷഹൽ ഷാനുവുമാണ് രക്ഷപ്പെട്ടത്. മട്ടാഞ്ചേരി സ്വദേശിയായ നിസാമുദ്ദീന്‍ എറണാകുളത്തെ ഒരു കൊലക്കേസിലും പ്രതിയാണ്. ഏത് ബൈക്കിന്‍റേയും പൂട്ട് പൊളിക്കുന്നതിലും ഇായാൾ വിദഗ്ധൻ ആണെന്നാണഅ പൊലീസ് പറയുന്നത്. അതിനാല്‍ ബൈക്കുകള്‍ മോഷ്ടിച്ച് ഇവർ കടന്നതായാണ് പൊലീസ് നിഗമനം.

സംസ്ഥാന വ്യാപകമായി ഊര്‍ജ്ജിതമായ തെരച്ചിലാണ് നാല് പേര്‍ക്കും വേണ്ടി നടക്കുന്നത്. അക്രമസ്വഭാവം ഉള്ളവരായതിനാൽ അതീവ ജാഗ്രതയോടെയാണ് നടപടികൾ.മാനസിക വിഭ്രാന്തി കാണിച്ചതിനാൽ ചൊവ്വാഴ്ചയാണ് ഇവരെ ജില്ല ജയിലില്‍ നിന്ന് കുതിരവട്ടത്തേക്ക് മാറ്റിയത്. സെല്ലിന്‍റെ പൂട്ട് പൊളിക്കാതെയാണ് രക്ഷപ്പെടൽ എന്നതിനാൽ ആസൂത്രിത നീക്കമെന്ന നിഗമനത്തിലാണ് മാനസികാരോഗ്യ കേന്ദ്രം അധികൃതര്‍. ജീവനക്കാരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നറിയാന്‍ ആഭ്യന്തര അന്വേഷണത്തിന് മാനസിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഉത്തരവിട്ടിട്ടുണ്ട്

click me!