മലപ്പുറത്ത് നാടോടി ബാലികയെ ക്രൂരമായി മർദ്ദിച്ചു, തലയ്ക്കടിച്ചു; പ്രതി പിടിയിൽ

By Web TeamFirst Published Apr 7, 2019, 11:53 AM IST
Highlights

മുൻ പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം പ്രാദേശിക നേതാവുമായ സി രാഘവനെയാണ് പൊലീസ് പിടികൂടിയത്. ഇയാൾ സിപിഎം വട്ടങ്കുളം ഏരിയ കമ്മിറ്റി അംഗമാണ്. 

മലപ്പുറം: എടപ്പാളിൽ നാടോടി ബാലികയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്തി. എടപ്പാൾ സ്വദേശി രാഘവനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സിപിഎം പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാണ് പിടിയാലായ രാഘവൻ.

പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം പിടിയിലായ ശേഷം കുട്ടിയും കൂടെയുണ്ടായിരുന്ന സ്ത്രീയും തന്നെ മർദ്ദിച്ചുവെന്ന് ഇയാൾ പൊലീസിനോട് പരാതിപ്പെട്ടു. തനിക്ക് പരിക്കേറ്റിട്ടുണ്ടെന്നും ചികിത്സ വേണമെന്നും ആവശ്യപ്പെട്ട രാഘവനെ ആശുപത്രിയിൽ എത്തിച്ച് പരിശോധനക്ക് വിധേയനാക്കി. പരിശോധനയിൽ കാര്യമായ പരിക്കുകളില്ല എന്ന ് ബോധ്യപ്പെട്ടതോടെ ഇയാളുടെ വാദം തള്ളിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മലപ്പുറം എടപ്പാളിൽ നാടോടി പെൺകുട്ടിക്ക് ക്രൂർമർദ്ദനം. പത്ത് വയസുകാരിക്കെതിരെയാണ് ക്രൂരമായ ആക്രമണമുണ്ടായത്. ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടെയാണ് കുട്ടിക്ക് മർദ്ദനമേറ്റത്. ആക്രി പെറുക്കരുത് എന്ന് കുട്ടിയോട് പറഞ്ഞെങ്കിലും കേട്ടില്ലെന്നാരോപിച്ചാണ് രാഘവൻ കുട്ടിയുടെ ചാക്ക് പിടിച്ച് വാങ്ങി തലയ്ക്ക് അടിച്ചത്. ചാക്കിനകത്ത് ഇരുമ്പ് കഷ്ണമുണ്ടായിരുന്നു ഈ പ്രഹരമാണ് കുട്ടിയുടെ തലയിൽ മുറിവുണ്ടാക്കിയത് .തലയ്ക്ക് പരിക്കേറ്റ കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

പത്ത് വയസ് മാത്രം പ്രായമുള്ള കുട്ടിയുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ടായിട്ടുണ്ട്. തലയിൽ പത്ത് തുന്നിക്കെട്ടലുകളുണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ആക്രി സാധനങ്ങൾ പെറുക്കുന്നതിൽ നിന്ന് ഒരാൾ വിലക്കിയെന്നും അയാൾ കല്ലുപോലെയുള്ള വസ്തു ഉപയോഗിച്ച് തലക്കടിച്ചു എന്നുമാണ് കുട്ടി പൊലീസിന് നൽകിയ മൊഴി. 

click me!