
മുംബൈ: ഡിജിറ്റൽ തട്ടിപ്പിന് ഇരയായി ഒരു മാസത്തിന് ശേഷം പൂനെയില്‍ 83കാരന്‍ മരിച്ചു. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനാണ് സൈബർ തട്ടിപ്പിന് ഇരയായത്. പിന്നീട് ഇദ്ദേഹം മാനസികമായി തകര്‍ന്നിരുന്നു. ഓൺലൈനിൽ തട്ടിപ്പുകാർ 1.2 കോടി രൂപയോളമാണ് തട്ടിയെടുത്തത്. ഭർത്താവ് മരിച്ച് ഒരാഴ്ച കഴിഞ്ഞ് ഭാര്യ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വയോധികരായ ദമ്പതികളുടെ മക്കൾ വിദേശത്താണ് സ്ഥിര താമസം. ഓഗസ്റ്റിൽ കൊളാബ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ഒരാൾ വയോധികനെ ഫോണിൽ വിളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. താൻ എൻകൗണ്ടർ സ്‍പെഷ്യലിസ്റ്റ് ആണെന്നും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വയോധികന്‍റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആയിരുന്നു വിളിച്ചയാൾ പറഞ്ഞത്. ഒരു സ്വകാര്യ എയർലൈൻ കമ്പനി ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വയോധികന്‍റെ ബാങ്ക് അക്കൗണ്ടും ആധാർ വിവരങ്ങളും ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും വിളിച്ചയാൾ പറഞ്ഞു.
എന്നാൽ വയോധികൻ ആരോപണം നിഷേധിച്ചു. അപ്പോൾ, മറ്റ് രണ്ട് വ്യക്തികൾ മറ്റൊരു വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഒരാൾ ഐപിഎസ് ഓഫീസർ വിജയ് ഖന്നയാണെന്നും മറ്റൊരാൾ സിബിഐ ഓഫീസർ ദയാ നായക് ആണെന്നും അവകാശപ്പെട്ടു. സഹകരിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ഇരുവരും ദമ്പതികൾക്ക് മുന്നറിയിപ്പ് നൽകി. തുടർന്ന് മണിക്കൂറുകളോളം വീഡിയോ കോളിൽ വിളിച്ച് ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞു. ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാനെന്ന വ്യാജേന, ആഗസ്റ്റ് 16 നും സെപ്റ്റംബർ 17 നും ഇടയിൽ വിവിധ അക്കൗണ്ടുകളിലേക്ക് മൊത്തം 1.19 കോടി രൂപ ട്രാൻസ്‍ഫർ ചെയ്യാൻ തട്ടിപ്പുകാർ നിർബന്ധിച്ചു. അന്വേഷണം പൂർത്തിയായ ശേഷം പണം തിരികെ നൽകുമെന്ന് അദ്ദേഹത്തോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, ഉദ്യോഗസ്ഥർ ദമ്പതികളോട് എഫ്‌ഐആർ ഫയൽ ചെയ്യാൻ നിർദ്ദേശിച്ചതായി സൈബർ പോലീസ് പറയുന്നു. എന്നാൽ മകൾ വിദേശത്ത് നിന്ന് എത്തിയ ശേഷം പരാതി നൽകാമെന്ന് അവർ പറഞ്ഞു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഹൃദയാഘാതം സംഭവിച്ച് വയോധികൻ മരിച്ചു. സമ്പാദ്യം നഷ്‍ടപ്പെട്ടതിനെത്തുടർന്നും തട്ടിപ്പുകാരുടെ നിരന്തരമായ പീഡനത്തെത്തുടർന്നും ഭർത്താവ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് ഭാര്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാൽ വൃദ്ധന്‍റെ മരണവും തട്ടിപ്പും തമ്മിലുള്ള നേരിട്ടുള്ള ബന്ധം കണ്ടെത്താൻ കഴിയില്ലെന്ന് പൊലീസ് പറയുന്നു. അതേസമയം സൈബർ തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam