
ദില്ലി: ദില്ലിയിൽ 27 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയവർ പിടിയിൽ. പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചുപേരാണ് പൊലീസിന്റെ പിടിയിലായത്. തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്ത മായ, ദമ്പതികളായ ശുഭ് കരൺ, സന്യോഗിത എന്നിവരാണ് പിടിയിലായത്. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് കൈമാറാൻ വേണ്ടിയാണ് കുഞ്ഞിനെ മായയുടെ നേതൃത്വത്തിൽ സംഘം തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാൻ പ്രായപൂർത്തിയാകാത്ത രണ്ട് പേർക്കും 20000 രൂപയും നൽകി. ഒക്ടോബർ 8 നാണ് 27 ദിവസം പ്രായമുള്ള കുഞ്ഞിനെ കാണാതായത്. പൊലീസ് കണ്ടെത്തിയ കുട്ടിയെ തിരികെ മാതാപിതാക്കളെ ഏൽപ്പിച്ചു. തിലക് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഒക്ടോബർ 8ന് പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്. തട്ടിക്കൊണ്ട് വന്ന കുട്ടിയെ മായ അയൽവാസികളായ ശുഭ് കരണും ഭാര്യ സന്യോഗിത എന്നിവർക്ക് നൽകുകയായിരുന്നു.
ഇവർക്ക് വിവാഹം കഴിഞ്ഞ് ഏറെക്കാലത്തിന് ശേഷവും കുട്ടികളുണ്ടായിരുന്നില്ല. ഇതോടെയാണ് ഇവർ നവജാതശിശുവിനെ തട്ടിക്കൊണ്ട് വരാൻ പദ്ധതിയിട്ടത്. സുഭാഷ് നഗറിലെ പസഫിക് മാളിന് സമീപത്ത് നിന്നാണ് നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയത്. 200 സിസിടിവി ക്യാമറകൾ നിരീക്ഷിച്ച ശേഷമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന് സംശയിക്കുന്നവരിലേക്ക് പൊലീസ് എത്തിയത്. തട്ടിക്കൊണ്ട് പോയവർ ഉപേക്ഷിച്ച വാഹനം തെക്ക് പടിഞ്ഞാറൻ ദില്ലിയിലെ നരേനയിലെ ഒരു ജനവാസ മേഖലയിൽ നിന്ന് കണ്ടെത്തിയത്. ഇതിൽ നിന്നാണ് മറ്റൊരു കേസിൽ ജയിലിൽ കഴിയുന്ന വികാസിലേക്ക് പൊലീസ് എത്തിയത്.
അനിലിന് മോഷ്ടിച്ച ഇരു ചക്രവാഹനം നൽകിയത് വികാസായിരുന്നു. അനിൽ ആണ് പ്രായപൂർത്തിയാകാത്ത പ്രതികൾക്ക് ഇരുചക്രവാഹനം കൈമാറിയത്. കസ്റ്റഡിയിലെടുത്ത കൗമാരക്കാരൻ ചോദ്യം ചെയ്യലിൽ ഗൂഡാലോചന വ്യക്തമായിരുന്നു. ദില്ലിയിലെ ഉത്തം നഗറിലെ ഒരു വീട്ടിലെ ജോലിക്കാരിയായ മായയാണ് തട്ടിക്കൊണ്ട് പോകലിലെ സൂത്രധാരിയായി പ്രവർത്തിച്ചതെന്നാണ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ദരാജേ ഷാരദ് ഭാസ്കർ വിശദമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam