
പല്‍വാള്‍: ദളിത് കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ ഹരിയാനയിലെ പല്‍വാള്‍ ജില്ലയില്‍ 31 പേര്‍ക്കെതിരെ കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം പോലെ ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണിക്ക് വീട്ടിലെ ലൈറ്റുകള്‍ അണയ്ക്കാതിരുന്നതിനായിരുന്നു മര്‍ദനമെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
പിംഗൂര്‍ ഗ്രാമത്തില്‍ രാത്രി ഒമ്പതരയോടെ ദളിത് കുടുംബത്തിന്‍റെ വീട്ടിലെത്തിയ സംഘം എട്ട് പേരെ ആക്രമിക്കുകയായിരുന്നു. വീട്ടിലെ ലൈറ്റുകള്‍ അന്ന് രാത്രി മുഴുവന്‍ അണച്ചിടണമെന്ന് ആക്രമിച്ചവര്‍ ഭീഷണിപ്പെടുത്തിയതായും ജാതിപരമായ വാക്കുകള്‍ ഉപയോഗിച്ച് ആക്ഷേപിച്ചതായും പരാതിക്കാരനായ ധനപാല്‍ പറഞ്ഞു.
ധനപാലിനെ കൂടാതെ അദ്ദേഹത്തിന്‍റെ മകനും മകള്‍ക്കും മറ്റ് അഞ്ച് കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുമ്പ് ദണ്ഡ്, വടികള്‍, കല്ലുകള്‍ എന്നിവ കൊണ്ടാണ് സംഘം ആക്രമിച്ചതെന്ന് ധനപാലിന്‍റെ പരാതിയില്‍ പറയുന്നു. കേസില്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. കേസില്‍ മൂന്ന് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ടെന്നും എസ്എച്ച്ഒ ജിതേന്ദര്‍ കുമാര്‍ ദി ഹിന്ദുവിനോട് പറഞ്ഞു.