പ്രശസ്ത സിനിമാ താരം കൊവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജ പ്രചാരണം; യുവാവ് അറസ്റ്റിൽ

By Web TeamFirst Published Apr 9, 2020, 12:05 AM IST
Highlights

മലയാളത്തിലെ പ്രശസ്ത സിനിമാതാരം കൊറോണ രോഗം ബാധിച്ചു മരണപ്പെട്ടുവെന്ന വ്യാജവാർത്ത പോലും അറസ്റ്റിലായ യുവാവ് പ്രചരിപ്പിച്ചിരുന്നു. 

കാസര്‍കോട്: പ്രശസ്ത സിനിമാ താരം കൊവിഡ് ബാധിച്ച് മരിച്ചെന്നതടക്കം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  കാസർ​കോഡ് പാഡി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ സമീർ ബി എന്നയാളാണ് അറസ്റ്റിലായത്. കൊവിഡ് വൈറസുമായി ബന്ധപ്പെട്ട് നിരവധി വിഐപികളെയും സെലിബ്രിറ്റികളെയും ബാധിക്കുന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും, പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 

മലയാളത്തിലെ പ്രശസ്ത സിനിമാതാരം കൊറോണ രോഗം ബാധിച്ചു മരണപ്പെട്ടുവെന്ന വ്യാജവാർത്തകൾ പോലും അറസ്റ്റിലായ യുവാവ് പ്രചരിപ്പിച്ചിരുന്നു. ഐപിസി 469, സിഐടി 66, ദുരന്ത നിവാരണ 54 നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് പരിശോധനക്കിടയിൽ വ്യാജ വാർത്തകൾ നിർമ്മിക്കാനും, പ്രചരിപ്പിക്കാനും ഉപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുത്തു. 

തിരുവനന്തപുരം റേഞ്ച് ഡി ഐ ജി കെ സഞ്ജയ്കുമാറിന്‍റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.

click me!