
മധുര: കാലിന് മുകളിൽ കാൽ കയറ്റിവച്ച് ഇരുന്നതിന് തേനിക്കടുത്ത് കൊഡംഗിപട്ടി ഗ്രാമത്തിലെ 23കാരന് ക്രൂരമർദ്ദനം. ബിഎസ്‌സി ബോട്ടണി ബിരുദധാരിയായ സുന്ദർ എന്ന യുവാവിനാണ് മർദ്ദനമേറ്റത്.
ഒക്ടോബർ ഏഴിന് വൈകിട്ട് ഏഴ് മണിക്ക് സ്വന്തം വീടിന് മുന്നിൽ മൊബൈൽ ഉപയോഗിച്ച് ഇരിക്കുമ്പോൾ മേൽജാതിക്കാരനായ എം കണ്ണൻ എന്നയാൾ ഇതുവഴി പോയി. ഈ സമയത്ത് സുന്ദർ കാലിന് മുകളിൽ കാൽ കയറ്റിവച്ചായിരുന്നു ഇരുന്നത്. ഇങ്ങിനെ ഇരുന്നതിന് സുന്ദറിനെ കൊലപ്പെടുത്തുമെന്ന് കണ്ണൻ ഭയപ്പെടുത്തിയെങ്കിലും ഇരുന്ന സ്ഥാനത്ത് നിന്ന് മാറാൻ സുന്ദർ തയ്യാറായില്ല.
തന്റെ വീട്ടിലേക്ക് പോയ കണ്ണൻ മകനായ മനോജിനൊപ്പം ആയുധങ്ങളുമായി തിരികെയെത്തി. എന്നാൽ സുന്ദർ അപ്പോഴും ഇരുന്നയിടത്ത് നിന്ന് അനങ്ങിയില്ല. പിന്നാലെ കൈയ്യിലുണ്ടായിരുന്ന വടി ഉപയോഗിച്ച് കണ്ണനും മനോജും സുന്ദറിന്റെ തലക്കടിച്ചു. നിലത്തുവീണ സുന്ദറിന്റെ ഇരുവരും ക്രൂരമായി മർദ്ദിച്ചു. സുന്ദറിന്റെ കരച്ചിൽ കേട്ട് ആൾക്കാർ ഓടിക്കൂടിയപ്പോഴേക്കും ഇരുവരും ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.
സുന്ദറിനെ തേനി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. തലയിലേറ്റ മുറിവിൽ പത്ത് തുന്നലുണ്ട്. ഐപിസി 294 ബി, 324, 506 ഐ എന്നീ വകുപ്പുകളും എസ്എസി-എസ്എസി അതിക്രമ നിരോധന ഭേദഗതി നിയമത്തിലെ 3(1)(r), 3(1)(s), 3(2)(va) എന്നീ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam