
പാലക്കാട്: പാലക്കാട് യുവാവിനെ കൊന്ന് പുഴയിൽ തള്ളിയ കേസിൽ ആറ് പേർ പൊലീസ് കസ്റ്റഡിയിൽ. സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീർ, മദൻകുമാർ എന്നിവരെയാണ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് തത്തമംഗലം സ്വദേശി സുവീഷ് (20) ആണ് കൊല്ലപ്പെട്ടത്.
ഒരുമാസം മുമ്പ് കാണാതായ യുവാവിന്‍റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. യാക്കര പുഴയുടെ സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സുവീഷിനെ കൊന്ന് പുഴയില്‍ തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 19 മുതലാണ് സുവീഷിനെ കാണാതായത്. ജൂലൈ 19 ന് രാത്രി പാലക്കാടുള്ള മെഡിക്കൽ ഷോപ്പിന് സമീപം വച്ച് സുവീഷിനെ പ്രതികള്‍ ബലമായി സ്‌കൂട്ടറിൽ കയറ്റി മലബാർ ആശുപത്രിയ്ക്ക് സമീപത്തെ ശ്മാശനത്തിൽ വച്ച് വടി കൊണ്ടും കൈ കൊണ്ടും അടിച്ചും ചവിട്ടിയും കൊന്നു എന്നാണ് പൊലീസ് പറയുന്നത്. ജൂലൈ 20ന് രാവിലെ മൃതദേഹം പ്രതികൾ യാക്കര പുഴയിൽ ഉപേക്ഷിച്ചു. യാക്കര പുഴയുടെ സമീപത്ത് നിന്നും കണ്ടെത്തിയ മൃതദേഹ അവശിഷ്ടം ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. പഴക്കമുള്ളതിനാല്‍ ശരീരം ഏകദേശം പൂര്‍ണ്ണമായും അഴുകിയ നിലയിലാണെന്ന് പൊലീസ് പറഞ്ഞു.
മകന് ഭീഷണി ഉണ്ടായിരുന്നുവെന്ന് കൊലപ്പെട്ട സുവീഷിന്‍റെ അമ്മ വിജി പറയുന്നു. യാക്കരയിൽ കൊല്ലപ്പെട്ട സുവീഷിന് സുഹൃത്തുക്കളുടെ ഭീഷണി ഉണ്ടായിരുന്നുവെന്നും എന്ന് സുവീഷിന്‍റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാർ വാടകക്ക് എടുത്തതുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നു. ഋഷികേശ് അടക്കമുള്ളവർ മകനെ നേരത്തെയും മർദ്ദിച്ചിട്ടുണ്ടെന്നും വിജി പറയുന്നു. സുവീഷിനെ കാണാതായതോടെ ജൂലൈ 26നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam