
തിരുവല്ല: പാലിയേക്കര ബസേലിയൻ കോൺവെന്റ് കിണറ്റിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം. ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി എന്ന സംഘടനയാണ് മരണത്തിന് കരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ജോമോൻ പുത്തൻപുരക്കലും രംഗത്തെത്തി.
മെയ് ഏഴാം തിയ്യതി വ്യാഴാഴ്ചയാണ് തിരുവല്ല പാലിയേക്കര ബസേലിയൻ കോൺവെന്‍റിൽ കന്യാസ്ത്രീ ആകാൻ പഠിച്ചിരുന്ന ദിവ്യ പി. ജോണിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ ദുരൂഹതയാരോപിച്ച് സിസ്റ്റർ ലൂസി കളപ്പുര ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
പൊലീസ് കേസ് തേച്ചുമാച്ചുകളയാൻ ശ്രമിക്കുകയാണെന്നും കോൺവെന്റിലെ കിണറ്റിൽ അബദ്ധത്തിൽ വീണുമരിക്കാൻ ഒരു സാധ്യതയുമില്ലെന്നും സിസ്റ്റർ ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി കൂട്ടായ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കേസ് അന്വേഷണത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിലടക്കം പൊലീസിന്‍റെ ഭാഗത്ത് പാളിച്ചകളുണ്ടായെന്ന ആരോപണം ഉയരുന്നുണ്ട്.
പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആത്മഹത്യയാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. കോൺവെന്‍റിൽ ദിവ്യയെ വഴക്കു പറഞ്ഞിരുന്നുവെന്ന അധികൃതരുടെ വാദത്തിൽ മാത്രം കേന്ദ്രീകരിച്ചാണ് ഇത്തരമൊരു നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്. ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴും ഇക്കാര്യത്തിൽ ദിവ്യയുടെ കുടുംബവും പരസ്യ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ്.
ആരോപണങ്ങൾ സംബന്ധിച്ച് കോൺവെന്‍റ് അധികൃതരോ സഭയുമായി ബന്ധപ്പെട്ടവരോ വിശദീകരണത്തിന് തയ്യാറായിട്ടില്ല. പൊലീസിനെതിരെ പൊതുപ്രവർത്തകൻ ജോമോൻ പുത്തൻ പുരക്കലും രംഗത്തെത്തി. ദിവ്യയുടെ മരണം ഉറപ്പായ ശേഷം സഭയുടെ കീഴിലുള്ള മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതും വിരലടയാള വിദഗ്ധരോ പൊലീസ് നായയോ മരണം നടന്ന ദിവസം എത്താത്തതും സംശയം ബലപ്പെടുത്തുന്നുണ്ടെന്ന് ജോമോൻ പുത്തൻപുരക്കൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam