ഭക്ഷ്യവിഷബാധയെന്ന് കരുതിയ മൂന്ന് കുട്ടികളുടെ മരണത്തിൽ വഴിത്തിരിവ്; കുട്ടികളുടെ അമ്മ അറസ്റ്റിൽ, കാമുകനായി തെരച്ചിൽ

Published : Sep 25, 2026, 01:13 PM IST
three children death case

Synopsis

പഞ്ചാബിലെ സംഗ്രൂരിൽ ഭക്ഷ്യവിഷബാധയെന്ന് കരുതിയ മൂന്ന് കുട്ടികളുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ അമ്മയെ അറസ്റ്റ് ചെയ്യുകയും ഒളിവിലുള്ള കാമുകനായി അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു.

ചണ്ഡിഗഡ്: ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് ആദ്യ ഘട്ടത്തിൽ എല്ലാവരും കരുതിയ മൂന്ന് കുട്ടികളുടെ മരണം സംബന്ധിച്ച് ഞെട്ടിക്കുന്ന കണ്ടെത്തൽ. അമ്മ മൂന്ന് മക്കളെയും മധുര പലഹാരത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. കുട്ടികളുടെ അമ്മയെ അറസ്റ്റ് ചെയ്തു. പഞ്ചാബിലെ സംഗ്രൂരിൽ ആണ് സംഭവം നടന്നത്.

ആറു വയസ്സുകാരി ജസ്നൂർ കൗർ, അഞ്ചു വയസ്സുകാരൻ അർമാൻദീപ് സിംഗ്, രണ്ടര വയസ്സുകാരൻ റഹാൻദീപ് സിംഗ് എന്നിവരാണ് ഓഗസ്റ്റ് 26-ന് സംശയാസ്പദ സാഹചര്യത്തിൽ മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്ന് വിശ്വസിപ്പിക്കാൻ കുട്ടികളുടെ അമ്മയായ ലവ്‌പ്രീത് കൗർ ശ്രമിച്ചു. എന്നാൽ ട്രക്ക് ഡ്രൈവറായ കുട്ടികളുടെ പിതാവ്, മരണം സംബന്ധിച്ച് സംശയമുണ്ടെന്നും യഥാർത്ഥ കാരണം കണ്ടെത്തണമെന്നും പൊലീസിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തി. ഇതോടെയാണ് കുട്ടികളുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തിയത്.

രക്ഷാബന്ധൻ ദിനത്തിൽ വാങ്ങിയ മധുര പലഹാരം കഴിച്ചതിന് ശേഷമാണ് കുട്ടികളുടെ ആരോഗ്യനില വഷളായതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കടയിൽ നിന്ന് അതേ പലഹാരം വാങ്ങിക്കഴിച്ച മറ്റുള്ളവർക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായില്ല എന്ന വിവരം അന്വേഷണത്തിൽ വഴിത്തിരിവായി മാറി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലുമാണ് കുട്ടികളുടെ അമ്മ ലവ്‌പ്രീത് കൗർ കുറ്റം സമ്മതിച്ചത്. കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന കളനാശിനി പലഹാരത്തിൽ കലർത്തി കുട്ടികൾക്ക് നൽകുകയായിരുന്നുവെന്ന് അമ്മ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.

മൂന്ന് കുട്ടികളുടെ അമ്മയായ ലവ്‌പ്രീത് കൗറിന് ഹർജിത് സിംഗ് എന്നയാളുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. കുട്ടികളെ ഒഴിവാക്കാനായി ഇരുവരും ചേർന്ന് നടത്തിയ ഗൂഢലോചനയാണ് മൂന്ന് കുഞ്ഞുങ്ങളുടെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ലവ്‌പ്രീത് കൗറിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഗൂഢാലോചനയിൽ പങ്കാളിയായ കാമുകൻ ഹർജിത് സിംഗ് ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. വിഷം കലർത്തിയതായി സംശയിക്കുന്ന മധുര പലഹാരങ്ങളും സംഭവ സ്ഥലത്തു നിന്ന് ശേഖരിച്ച മറ്റ് തെളിവുകളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭാര്യയുടെ ജോലി നിർബന്ധിച്ച് രാജി വയ്പ്പിച്ചു, മാസം 30000 രൂപ നൽകാൻ ഭർത്താവിനോട് ഉത്തരവിട്ട് കോടതി
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്