ധനേഷ് എസ് നായർ എന്ന പേരിൽ കർഷകർക്കിടയിൽ അറിയപ്പെട്ടിരുന്ന ധനേഷ് ലഹരി കടത്തുകാർക്കിടയിൽ ഡാനി ഭായ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ആലുവ: എറണാകുളം ആലുവയിൽ 185 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രതികൾ ലഹരി കടത്തിയതിന്റെയും ഒളിപ്പിക്കുന്നതിന്റെയും കൂടുതൽ വിവരങ്ങൾ പുറത്ത്. വാഴക്കുലയിൽ പൊതിഞ്ഞയക്കുന്ന ലഹരിമരുന്ന് പ്രതികൾ ഒളിപ്പിച്ചിരുന്നത് വീട്ടിലെ പക്ഷിക്കൂട്ടിലായിരുന്നു. പൊലീസെത്തിയാലും ലഹരിമരുന്ന് കണ്ടെത്താതിരിക്കാനാണ് പ്രതികൾ പുതുവഴികൾ കണ്ടെത്തിയത്. പക്ഷികൾക്ക് തീറ്റ നൽകിയിരുന്ന പാത്രത്തിൽ അടക്കം ഇവർ രഹസ്യ അറകൾ സൃഷ്ടിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഹരിപ്പാട് സ്വദേശി ധനേഷ്, എറണാകുളം സ്വദേശികളായ ഷിനു, ഹരികൃഷ്ണൻ എന്നിവരാണ് കേസിൽ പിടിയിലായത്.
ഇതിൽ ഡാനി എന്ന് വിളിപ്പേരുള്ള ധനേഷ് മികച്ച യുവകർഷകനുള്ള ഹരിപ്പാട് കൃഷിഭവന്റെ പുരസ്കാരം നേടിയ വ്യക്തിയാണ്. പൊലീസ് എത്തിയാലും കണ്ടെത്തുക പ്രയാസമെന്നതിനാലാണ് ഇതരസംസ്ഥാനത്ത് നിന്നെത്തിക്കുന്ന ലഹരി പ്രതികൾ വീട്ടിലെ പക്ഷിക്കൂട്ടിൽ സൂക്ഷിച്ചിരുന്നത്. മുഖ്യപ്രതി ധനേഷിന് നൈജീരിയൻ സംഘങ്ങളുമായി അടുത്തബന്ധമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസിൽ ഇതുവരെ പിടിയിലായത് മൂന്നുപേർ. സംസ്ഥാനത്ത് ലഹരി മരുന്നിനെതിരെ ഓപ്പറേഷൻ തൂഫാൻ ശക്തമായി മുന്നോട്ട് പോവുന്നതിനിടയിലാണ് ഈ അറസ്റ്റ്. പൊലീസിനേയും എക്സൈസിനേയും വെട്ടിക്കാൻ ലഹരി കടത്തുകാർ എത് മാർഗവും സ്വീകരിക്കുന്നുവെന്നതിന്റെ സൂചനയാണ് പുറത്ത് വന്ന സംഭവം.
പല ഘട്ടങ്ങളിൽ ഇത്തരത്തിൽ വാഴക്കുലയിൽ ഇത്തരത്തിൽ ലഹരി കടത്തിയതായും വ്യക്തമായി. ഡാനി ഭായ് എന്ന സേവ് ചെയ്തിരുന്ന ധനേഷിന്റെ നമ്പറിലേക്ക് വാഴക്കുലയിൽ നിന്ന് ലഹരിമരുന്ന് ശേഖരിക്കുന്ന ദൃശ്യങ്ങൾ ലഹരി കടത്തിയവർ അയച്ച് നൽകിയിരുന്നു. ജർമ്മനിയിൽ അടക്കം പോയി കൃഷിയേക്കുറിച്ച് പഠിച്ച വ്യക്തിയാണ് ധനേഷ്. മൈസുരുവിലാണ് ധനേഷിന് വാഴത്തോട്ടമുള്ളത്. ആലുവയിൽ നിന്ന് ധനേഷിനെ ഹെറോയിൻ അടക്കം കണ്ടെത്തിയിരുന്നു.














