
ദില്ലി: തന്നെ ബലാത്സംഗം ചെയ്തെന്ന വീട്ടുജോലിക്കാരിയുടെ പരാതിയില്‍ ദില്ലി സ്വദേശി കുറ്റക്കാരനല്ലെന്ന് ദില്ലി കോടതി. സംഭവം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് സ്ത്രീ പരാതി നല്‍കിയത്. സംഭവത്തിന് ശേഷവും സ്ത്രീ പ്രതിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്നു. വൈദ്യപരിശോധനാ സമയത്ത് പ്രതി പീഡിപ്പിച്ചതായി സ്ത്രീ മൊഴി നല്‍കിയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
''ഒരു സ്ത്രീയും പീഡിപ്പിക്കപ്പെട്ടതിന് ശേഷവും അയാള്‍ക്കൊപ്പം ജോലി ചെയ്യാന്‍ തയ്യാറാവില്ല. ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗികബന്ധം നടന്നിട്ടുള്ളതെന്ന് അതില്‍നിന്നുതന്നെ വ്യക്തമാണ്. അത്തരത്തില്‍ അവര്‍ തിരിച്ചുവരുന്നുവെങ്കില്‍ പ്രതിയുമായി അവള്‍ ലൈംഗികബന്ധത്തിന് തയ്യാറാണെന്നാണ് അയാള്‍ ധരിക്കുക'' - അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഉമേദ് സിംഗ് ഗ്രെവാള്‍ പറഞ്ഞു.
2010ലാണ് സ്ത്രീ പീഡിപ്പിക്കപ്പെട്ടത്. മൂന്ന് മാസത്തിന് ശേഷമാണ് അവര്‍ പൊലീസില്‍ പരാതി നല്‍കിയത്. അതുവരെ അവര്‍ അടുപ്പമുള്ളവരോട് പോലും ഇക്കാര്യം സംസാരിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. സംഭവം നടന്ന് ഒന്നുരണ്ട് ദിവസത്തിനുള്ളില്‍ തന്നെ സ്ത്രീ അയാള്‍ക്കുകീഴില്‍ വീണ്ടും ജോലിക്കെത്തിയെന്നതും പ്രതിയെ കുറ്റവിമുക്തനാക്കാന്‍ കാരണമായി കോടതി ചൂണ്ടിക്കാട്ടി.
2009 നവംബര്‍ മുതല്‍ ദില്ലിയിലെ രോഹിണിയിലെ ഒരു വീട്ടില്‍ വീട്ടുജോലിചെയ്യുകയാണ് സ്ത്രീ. ആറോ ഏഴോ തവണ തൊഴിലുടമയുടെ പിതാവ് തന്നെ പീഡിപ്പിച്ചുവെന്നാണ് സ്ത്രീ പരാതിയില്‍ പറയുന്നത്. 2010 മാര്‍ച്ച് 14നാണ് സ്ത്രീ ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുന്നത്. മാര്‍ച്ച് 16ന് പ്രതിയെ അറസ്റ്റ് ചെയ്തു. പരാതി നല്‍കാന്‍ അവസരമുണ്ടായിട്ടും സ്ത്രീ അത് ചെയ്തില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam